Print this page

ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

Doctor to doctor services to be extended to all districts: Minister Veena George Doctor to doctor services to be extended to all districts: Minister Veena George
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഈ ജില്ലയില്‍ മാത്രമായി 200ല്‍ അധികം രോഗികള്‍ക്ക് സേവനം നല്‍കാന്‍ കഴിഞ്ഞു. ഈ പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് പത്തനംതിട്ട, എറണാകുളം, മലപ്പുറം, ആലപ്പുഴ, കാസര്‍ഗോഡ്, കോട്ടയം തുടങ്ങിയ ആറ് ജില്ലകളില്‍ കൂടി വ്യാപിപ്പിച്ചിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എന്‍സിഡി ക്ലിനിക്കുകളിലും എത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പോകാതെ ഈ കേന്ദ്രങ്ങളില്‍ ഇരിന്നുകൊണ്ട് തന്നെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സാധിക്കും. അതുവഴി മെഡിക്കല്‍ കോളേജുകളിലെയും ജില്ലാ ആശുപത്രികളിലെയും തിരക്കുകള്‍ കുറക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ ടെലി മെഡിസിന്‍ സേവനം ഒരു ഹബ് ആന്‍ഡ് സ്‌പോക് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്. ഹബ് എന്നത് മെഡിക്കല്‍ കോളേജുകളിലെയും, ജില്ലാ ആശുപത്രികളിലെയും എല്ലാ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും അടങ്ങിയ ഒരു പൂളാണ്. സ്‌പോക് എന്നത് താലൂക്ക് ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, സാമൂഹിക ആരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ ഉപകേന്ദ്രം എന്നിവയാണ്. സ്‌പോക്കില്‍ വരുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്കും, ജില്ലാ ആശുപത്രികളിലേക്കും റെഫര്‍ ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സ്‌പോക് ആശുപത്രിയില്‍ ഇരിന്നുകൊണ്ട് തന്നെ മെഡിക്കല്‍ കോളേജുകളിലേയും ജില്ലാ ആശുപത്രികളിലേയും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ സാധിക്കും.
ഇതുകൂടാതെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡമാരായ നഴ്‌സുമാര്‍ എന്നിവര്‍ മുഖാന്തിരവും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്. അടിയന്തര റഫറല്‍ ആവശ്യമില്ലാത്ത രോഗികളെ വിവിധ സ്‌പോക്കുകളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങളനുസരിച്ചാണ് ഹബ്ബുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഇ സഞ്ജീവനി വഴി പരിശോധിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്യാനുള്ള സംവിധാനം ഇ സഞ്ജീവനി വഴി ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന കുറുപ്പടി സര്‍ക്കാര്‍ ആശുപത്രി വഴി സൗജന്യമായി മരുന്നുകളും പരിശോധനകളും ലഭിക്കുന്നു.
കോവിഡ് മഹാമാരി കാലത്ത് ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കി ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാനാണ് ഇ സഞ്ജീവനി നടപ്പിലാക്കിയത്. ഇതുവരെ 3 ലക്ഷത്തിലധികം പേര്‍ക്കാണ് ഇ സഞ്ജീവനി വഴി ചികിത്സ നല്‍കിയത്. 4700ലധികം ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയത്. സംസ്ഥാനത്തൊട്ടാകെ പ്രതിദിനം ശരാശരി 300 മുതല്‍ 600 ആളുകളാണ് ഇ സഞ്ജീവിനി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam