Print this page

നോ സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണം

തിരുവനന്തപുരം: പൊതുജനങ്ങളില്‍ നോ സ്‌കാല്‍പല്‍ വാസക്ടമിയെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ ആരോഗ്യ വകുപ്പ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 4 വരെ നോ സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണം ആചരിച്ചു വരുന്നു. കുടുംബാസൂത്രണ മാര്‍ഗങ്ങളില്‍ പുരുഷന്‍മാര്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും ലളിതവും സുരക്ഷിതവുമായ മാര്‍ഗമാണ് നോ സ്‌കാല്‍പല്‍ വാസക്ടമി (എന്‍.എസ്.വി). 'കുടുംബാസൂത്രണത്തില്‍ പുരുഷ പങ്കാളിത്തം ഉറപ്പാക്കാം സന്തുഷ്ട കുടുംബത്തിന് അടിത്തറ പാകാം' എന്നതാണ് ഈ വര്‍ഷത്തെ പക്ഷാചരണ സന്ദേശം. പുരുഷ വന്ധ്യംകരണ മാര്‍ഗമായ എന്‍.എസ്. വിയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ആശങ്കള്‍ മാറ്റുക, കുടുംബാസൂത്രണ മാര്‍ഗമെന്ന നിലയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുക, സന്തുഷ്ട കുടുംബത്തിനായി പുരുഷ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവയാണ് പക്ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.
പക്ഷാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എന്‍.എസ്.വി. ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ഈ സേവനം ആവശ്യമായവര്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കാവുന്നതാണ്. ആശുപത്രിയില്‍ നേരിട്ടെത്തിയും എന്‍.എസ്. വി ചെയ്യാം.
സ്ത്രീകളില്‍ നടത്തുന്ന കുടുംബാസൂത്രണ മാര്‍ഗങ്ങളില്‍ അനസ്തീഷ്യ, ശസ്ത്രക്രിയ, അതിനോടനുബന്ധിച്ച് ആശുപത്രിവാസം, കൂടുതല്‍ ദിവസങ്ങള്‍ വിശ്രമം എന്നിവ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ നോ സ്‌കാല്‍പല്‍ വാസ്‌ക്ടമി ചെയ്യുമ്പോള്‍ ലോക്കല്‍ അനസ്തീഷ്യ മാത്രമാണ് ആവശ്യമായി വരുന്നത്.
സൂചി കൊണ്ടുള്ള സുഷിരം മാത്രമാണ് എന്‍.എസ്.വി. ചെയ്യുവാനായി ഇടുന്നത്. ശസ്ത്രക്രിയയോ മുറിവോ തുന്നലോ ആവശ്യമായി വരുന്നില്ല. വളരെ ലളിതമായി, കുറച്ച് സമയത്തിനുള്ളില്‍ ചെയ്യുന്ന ഒന്നാണ് എന്‍.എസ്.വി. ഇതു ചെയ്തതിന് ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാനാകും. ഒരു ദിവസം പോലും ആശുപത്രിവാസം ആവശ്യമായി വരുന്നില്ല. എന്‍.എസ്. വിയെ തുടര്‍ന്ന് ലൈംഗിക ബന്ധത്തിന് ഒരു തടസവുമുണ്ടാകുന്നില്ല.
ഇനിയും കുട്ടികള്‍ വേണ്ട എന്ന് തീരുമാനിക്കുന്ന ദമ്പതികള്‍ക്ക് നോ സ്‌കാല്‍പല്‍ വാസക്ടമി സ്വീകരിക്കാവുന്നതാണ്. വന്ധ്യംകരണം ചെയ്ത ദിവസം കഠിനമായ ജോലി ചെയ്യരുത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം സാധാരണ ജോലികളില്‍ ഏര്‍പ്പെടാവുന്നതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടുക.
ലൈംഗിക രോഗങ്ങള്‍ ഉള്ളവര്‍, മന്തുരോഗം ഉള്ളവര്‍, വൃഷണങ്ങളില്‍ അണുബാധ ഉള്ളവര്‍, മുഴകളോ നീര്‍വീക്കമോ ഉള്ളവര്‍ തുടങ്ങിയവര്‍ നോ സ്‌കാല്‍പല്‍ വാസക്ടമി സ്വീകരിക്കാന്‍ പാടില്ല.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam