ഓണം വാരാഘോഷത്തിന്റെ അഞ്ചാം ദിവസം കനകക്കുന്നിലെ ആരാധകരെ ആവേശത്തിലാക്കി ഗായകൻ മനോയും സംഘവും. പരിപാടി തുടങ്ങുന്നതിനു മണിക്കൂറുകൾക്ക് മുമ്പ്തന്നെ നിശാഗന്ധി നിറഞ്ഞുകവിഞ്ഞു. വൻ ജനാവലിയെ സാക്ഷിയാക്കി തിരുവോണപ്പുലരി എന്ന ഗാനത്തിൽ ആണ് സംഗീതവിരുന്ന് ആരംഭിച്ചത്.മനോയെ കൂടാതെ അപർണ, പ്രശോഭ്, ഡയാന എന്നീ ഗായകരും സംഘത്തിൽ ഉണ്ടായിരുന്നു. ഓർക്കസ്ട്രാ സംഘത്തിൽ അഖിൽ, ജോൺ, മുരളി, നിഷാന്ത്, പാച്ചു തുടങ്ങിയ പ്രശസ്ത കലാകാരന്മാരും അണിനിരന്നു.
വൈകുന്നേരം 7 മണിമുതൽ 10 വരെ നടന്ന പരിപാടിയിൽ 25 ഓളം പാട്ടുകളാണ് പാടിയത്. കേരളത്തിൽ ആരാധകർ ഏറെയുള്ള മനോയുടെ സംഗീത വിരുന്ന് ആസ്വദിക്കാൻ നിശാഗന്ധിയ്ക്ക് പുറത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തമിഴ് മലയാളം പാട്ടുകളാണ് സംഗീതവിരുന്നിൽ മനോയും സംഘവും ആരാധകർക്കായി പാടിയത്.ദ ആർട്ട് ഇൻഫിനിറ്റ് നൃത്ത ശില്പം ആസ്വദിക്കാനായി പ്രായഭേദമന്യേ കാണികളുടെ നീണ്ട നിര തന്നെ നിശാഗന്ധിയിൽ എത്തി. 28 വർഷത്തെ അനുഭവസമ്പത്തുള്ള സിബി സുദർശനാണ് നിശാഗന്ധിയിലെ സന്ധ്യയിൽ ഭരതനാട്യത്തിന്റെ ചടുല ലോകം തീർത്തത്. ഒരു മണിക്കൂർ നീണ്ടു നിന്ന പരിപാടിയിൽ ഏഴ് പേർ പങ്കെടുത്തു. സിബി സുദർശനും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുമാണ് ഭരതനാട്യo അവതരിപ്പിച്ചത്.