Print this page

പൊൻമുടി യു.പി. സ്‌കൂൾ ഫെൻസിംഗ് നിർമ്മിച്ച് സംരക്ഷിക്കണം: ബാലാവകാശ കമ്മീഷൻ

പൊൻമുടി ഗവൺമെന്റ് യു.പി. സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വന്യമൃഗങ്ങൾ കയറാത്ത വിധം ഫെൻസിംഗ് നിർമ്മിച്ച് സംരക്ഷിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. പുതിയ അധ്യയനവർഷം മുതൽ കുട്ടികൾ ഭയരഹിതമായി സ്‌കൂളിൽ എത്തി പഠിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം. അടിയന്തരമായി ഫെൻസിംഗ് നിർമ്മാണ ജോലി പൂർത്തീകരിച്ച് കുട്ടികൾക്കും ജീവനക്കാർക്കും സുരക്ഷിതത്വം ഉറപ്പാക്കാനും നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് ലഭ്യമാക്കാൻ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിനും കമ്മിഷൻ അംഗം ഡോ.വിൽസൺ.എഫ് നിദ്ദേശം നൽകി.


സ്‌കൂൾ സ്ഥിതിചെയ്യുന്ന 47 സെന്റ് സ്ഥലം അതിർത്തി നിർണ്ണയിച്ചു കൊടുക്കാനും കൂടാതെ സ്‌കൂൾ വികസനത്തിനായി വനം വകുപ്പ് അനുവദിച്ച 63 സെന്റ് പരിവേഷ് പോർട്ടലിൽ ഉൾപ്പെടുത്തി ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ നടപടി സ്വീകരിക്കാനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും കമ്മിഷൻ നിർദ്ദേശം നൽകി. സ്‌കൂളിന്റെ പാചകപ്പുരക്ക് സമീപം പുലിയെ കണ്ടതിനെ തുടർന്ന് പാചകക്കാരി സ്‌കൂളിൽ കയറി വാതിലടച്ചു രക്ഷപ്പെട്ടു എന്ന വാർത്തയെ തുടർന്ന് കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് കമ്മീഷൻ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം 60 ദിവസത്തിനകം സമർപ്പിക്കാനും നിർദ്ദേശം നൽകി.
Rate this item
(0 votes)
Author

Latest from Author