Print this page

സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ പാഠപുസ്തകങ്ങള്‍ ഉടന്‍ പുറത്തിറക്കും: മന്ത്രി വി. ശിവന്‍കുട്ടി

File image File image
തിരുവനന്തപുരം: സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ പാഠപുസ്തകങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിന് കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച തയാറെടുപ്പുകളാണ് നടത്തുന്നത്. കോവിഡ് കാലത്തിന് ശേഷം നടന്ന പൊതുപരീക്ഷയായതുകൊണ്ട് തന്നെ നിരവധി വെല്ലുവിളികളായിരുന്നു നേരിടേണ്ടി വന്നത്. ആ വെല്ലുവിളികള്‍ക്കിടയിലും കുറ്റമറ്റരീതിയില്‍ പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ സാധിച്ചു. ഫോക്കസ് ഏരിയകള്‍ ഇനിയുള്ള ഒരു പരീക്ഷകളിലും നല്‍കില്ല. മികച്ച രീതിയില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ മാത്രമേ മത്സര ഓട്ടത്തില്‍ മുന്നിലെത്തൂ. വിദ്യാര്‍ഥികളുടെ ബൗദ്ധികവും ആരോഗ്യകരവുമായ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 3500 കോടി രൂപയാണ് സംസ്ഥാനത്തെ സ്‌കൂളുകളുടെ വികസനത്തിനായി അനുവദിച്ചിരിക്കുന്നത്.

വര്‍ത്തമാനകാലഘട്ടത്തിലെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയ്ക്കും മാറ്റത്തിനും അനുസരിച്ച് വിദ്യാര്‍ഥികള്‍ വിവിധങ്ങളായ കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് പഠിച്ച് മുന്നേറണമെന്നും കോന്നി മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ലോകം മുഴുവന്‍ പകച്ച് നിന്നപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്ന നവീന ആശയത്തിന്റെ ചുവട് പിടിച്ച് കേരളം മുന്നിട്ടിറങ്ങി മത്സരപരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ ഇരുപത് സ്‌കൂളുകളിലെ പ്രധാനധ്യാപകരെ മൊമെന്റോ നല്‍കി മന്ത്രി ആദരിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനം ലക്ഷ്യമിട്ട് സിവില്‍ സര്‍വീസ് അക്കാദമിയുടെ സബ് സെന്റര്‍ കോന്നി മണ്ഡലത്തില്‍ അനുവദിച്ചുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിനകം പ്രവേശന പരിപാടി അക്കാദമിയില്‍ ആരംഭിച്ചു കഴിഞ്ഞു. ട്രൈബല്‍ മേഖലയില്‍ നിന്നുള്ള എട്ട് പേര്‍ അടക്കം നൂറോളം വിദ്യാര്‍ഥികളാണ് പ്രവേശനം എടുത്തിരിക്കുന്നതെന്ന കാര്യത്തില്‍ ഏറെ അഭിമാനമുണ്ടെന്നും സിവില്‍ സര്‍വീസിന്റെ പടവുകളില്‍ കോന്നിയുടെ കൈയ്യൊപ്പ് ചാര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

കഴിവുള്ള ഒരാളും കൃത്യമായ പരിശീലനമില്ലാത്തതിന്റെ പേരില്‍ ലക്ഷ്യത്തിലെത്താതെ പോകരുത് എന്നത് മുന്നില്‍ കണ്ടാണ് കോന്നി മണ്ഡലത്തില്‍ ഉയരെ എന്ന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അങ്കണവാടി മുതല്‍ സിവില്‍ സര്‍വീസ് അക്കാദമി വരെ വിദ്യാര്‍ഥികള്‍ക്ക് വേണ്ട എല്ലാ പരിശീലനവും കൃത്യമായി ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കും. സ്‌കൂളുകളില്‍ മികച്ച അടിസ്ഥാന സൗകര്യം ഒരുക്കും. അക്കാദമിക് രംഗത്ത് മാത്രമല്ല കലാ-കായിക രംഗത്തും കുട്ടികള്‍ക്ക് വേണ്ട പരിശീലനങ്ങള്‍ ഒരുക്കുന്നുണ്ട്. കോന്നി മണ്ഡലത്തിലെ എട്ട് കുട്ടികളാണ് റോളര്‍സ്‌കേറ്റിംഗ് മത്സരത്തില്‍ നാഷണല്‍ മീറ്റില്‍ പങ്കെടുക്കുകയും സ്വര്‍ണ മെഡല്‍ നേടുകയും ചെയ്തതെന്നും ഇനിയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികള്‍ക്ക് വേണ്ട എല്ലാ പിന്തുണയും ഒരുക്കുമെന്നും എംഎല്‍എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയായിരുന്നു. പരീക്ഷയില്‍ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള മൊമെന്റോ വിതരണം ജില്ലാകളക്ടര്‍ നിര്‍വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീത്, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക പ്രമുഖര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author