Print this page

ശക്തമായ മഴയ്ക്കു സാധ്യത; ജില്ലയില്‍ യെല്ലോ അലേര്‍ട്ട് Featured

തിരു :കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും (ഓഗസ്റ്റ് 28, 29) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 64.5 മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ പെയ്യാനാണു സാധ്യത. ഇതു മുന്‍നിര്‍ത്തി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീര്‍ അറിയിച്ചു. അടച്ചുറപ്പില്ലാത്തതും മേല്‍ക്കൂര ശക്തമല്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ മാറി താമസിക്കാന്‍ തയാറാകണം. തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിനു സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കിവയ്ക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറിത്താമസിക്കാന്‍ തയാറാകണം. സ്വകാര്യ, പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ട ഘട്ടമുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചുകടക്കാനോ നദികളിലും മറ്റു ജലാശയങ്ങളിലും കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടില്ല. ജലാശയങ്ങള്‍ക്കു മുകളിലെ പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടുകയോ ചെയ്യരുത്. അണക്കെട്ടുകള്‍ക്കു താഴെ താമസിക്കുന്നവര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ആവശ്യമായ തയാറെടുപ്പുകള്‍ നടത്തുകയും ആവശ്യമെങ്കില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു മാറി താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണമെന്നും എ.ഡി.എം. അറിയിച്ചു.
Rate this item
(0 votes)
Last modified on Sunday, 29 August 2021 03:23
Pothujanam

Pothujanam lead author

Latest from Pothujanam