Print this page

രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ രാഷ്ട്രീയസമൂഹം ഗൗരവത്തോടെ കാണുന്നില്ല - വി.എം.സുധീരൻ

തിരുവനന്തപുരം: ബാങ്ക്-ഇൻഷുറൻസ് സ്വകാര്യവൽക്കരണമടക്കമുള്ള രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക - കോർപ്പറേറ്റ് വൽക്കരണ പ്രശ്നങ്ങൾ ഇന്ത്യയിലെ രാഷ്ട്രീയ സമൂഹം ഗൗരവത്തോടെ കാണുന്നില്ലെന്ന് വി. എം. സുധീരൻ പ്രസ്താവിച്ചു. പാർലമെൻറിൽ സുപ്രധാനമായ ഒരു പ്രശ്നങ്ങളും ചർച്ച ചെയ്യുന്നില്ല. 1991 മുതൽ അന്നത്തെ ഗവൺമെൻറ് സ്വീകരിച്ച ഉദാരീകരണ നയങ്ങളുടെ ചുവടുപിടിച്ചാണ് എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും കൈയൊഴിയാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അന്നത്തെ നയങ്ങൾ ശരിയായിരുന്നോ എന്ന് പുനർ വിചിന്തനം നടത്തേണ്ട സമയമാണിത്. ആൾ ഇൻഡ്യാ ബാങ്ക് പെൻഷനേഴ്സ് ആൻറ് റിട്ടയറീസ് കോൺഫെഡറേഷനും, ആൾ കേരളാ ബാങ്ക് റിട്ടയറീസ് ഫോറവും ബാങ്ക് ദേശസാൽക്കരണ ദിനത്തിൽ പെൻഷൻ പരിഷ്കരണമുൾപ്പെടെയുളള ആവശ്യങ്ങളുന്നയിച്ച് നടത്തിയ രാജ്ഭവൻ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരകേന്ദ്രീകൃതമായിരുന്ന ഇൻഡ്യയിലെ ബാങ്കുകളെ ഗ്രാമങ്ങളിലെത്തിച്ചത് ബാങ്ക് ദേശസാൽക്കരണമാണ്. പത്തു ലക്ഷം കോടിയിലധികം രൂപയുടെ കോർപ്പറേറ്റുകളുടെ കിട്ടാക്കടം ബാങ്കുകൾ എഴുതിതള്ളിയിരിക്കുന്നു. എന്നാൽ സാധാരണക്കാരൻറെ ചെറുകിട വായ്പകൾ തിരിച്ചു പിടിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുന്നു. ബാങ്കിംഗ് മേഖലയിൽ പെൻഷൻ പരിഷ്ക്കരണം നടപ്പാക്കാതിരിക്കുന്നത് രാജ്യസേവനത്തിനായി ജീവിതകാലം ചെലവഴിച്ച മുതിർന്ന പൗരന്മാരോടു കാട്ടുന്ന അനീതിയാണ്. അദ്ദേഹം പറഞ്ഞു.

ഓഹരിക്കമ്പോളം വിദേശ ധനകാര്യസ്ഥാപനങ്ങൾക്ക് നിക്ഷേപത്തിനു തുറന്നു കൊടുത്തതിൻറെ ദുരന്തഫലം നാമിപ്പോൾ അനുഭവിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പ്ലാനിംഗ് ബോർഡ് മുൻ അംഗവും, സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ. കെ. എൻ. ഹരിലാൽ പ്രസ്താവിച്ചു. ശ്രീലങ്കയിലെ പ്രതിസന്ധി ഇൻഡ്യയ്ക്ക് പാഠമാകേണ്ടതാണ്. റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ കിട്ടിയില്ലായിരുന്നെങ്കിൽ പെട്രോൾ ഡീസൽ വില ഇതിലുമുയർന്നേനെ. നമ്മുടെ വിദേശനാണയശേഖരം വല്ലാതെ കുറയുകയാണ്. നാലു ലക്ഷം കോടിയിലധികം വിദേശ നാണയ ശേഖരത്തിൽ നിന്ന് ഊഹക്കച്ചവടക്കാർ കൊണ്ടുപോയി. ലോകത്തിലെ ഏറ്റവും മോശമായ പെൻഷൻ ഇൻഡ്യയിലാണ്. തൊണ്ണൂറുശതമാനം തൊഴിലെടുക്കുന്നവരും അസംഘടിത മേഖലയിലാണ്. അവർ കാര്യമായ ഒരു പെൻഷൻ പദ്ധതിയും ഇല്ല. സംഘടിത മേഖലയിലും പെൻഷൻ കുറവാണ്. രണ്ടര ലക്ഷം കോടിയിലധികം രൂപ ബാങ്കുകളിലെ പെൻഷൻ ഫണ്ടിലുണ്ട്. പക്ഷേ ബാങ്കിംഗ് മേഖലയിൽ പെൻഷൻ ഇതുവരെ വർദ്ധിപ്പിച്ചിട്ടില്ല. ബാങ്കുകൾ സ്വകാര്യവൽകരിച്ചാൽ പെൻഷൻ ഫണ്ടിൽ തന്നെ തിരിമറി നടത്താനിടയുണ്ട്. അദ്ദേഹം പറഞ്ഞു.

Image
എഐബിപിഎആർസി ജില്ലാസെക്രട്ടറി ആർ. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാപ്രസിഡൻറ് വി. ആർ. പ്രതാപൻ, സിഐടിയു ജില്ലാകമ്മിററിയംഗം കല്ലറ മധു, എഐബിഒസി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീനിവാസ നായിക്, സംഘടനാ നേതാ ക്കളായ പി. ബി. തോമസ്, പി.വി.ജോസ്, എൻ. രാജ് കുമാർ, കെ. വിജയകുമാർ, എസ്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
Rate this item
(0 votes)
Last modified on Wednesday, 20 July 2022 04:59
Author

Latest from Author