BSNL 5G is coming soon
ഇന്ത്യക്കാരുടെ ആശയവിനിമയ സ്വപ്‌നങ്ങൾക്ക് നിറം പകർന്ന കണ്ടുപിടിത്തം തന്നെയായിരുന്നു 5ജി സേവനം. എന്നാൽ ഇപ്പോഴും അത് രാജ്യത്തെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിട്ടില്ല. എയർടെൽ, ജിയോ എന്നിവ തന്നെയാണ് ഈ സേവനങ്ങൾ നൽകുന്ന പ്രധാന കമ്പനികൾ. ഇവ തന്നെ പ്രാരംഭഘട്ടത്തിലാണ് ഇപ്പോഴുള്ളത്. വിവിധ മേഖലകളിലേക്ക് പ്രവർത്തനം വിപുലീകരിക്കാൻ ഇരു കമ്പനികളും ശ്രമം തുടരുന്ന ഈ വേളയിൽ ഇപ്പോഴിതാ മറ്റൊരു എതിരാളി കൂടി വരികയാണ്. ആരും പ്രതീക്ഷിക്കാത്ത ഒരു കമ്പനിയാണ് ഇക്കൂട്ടത്തിലേക്ക് കടന്നു വരുന്നതെന്നതാണ് സത്യം. നമ്മുടെ സ്വന്തം പൊതുമേഖലാ വമ്പനായ ബിഎസ്എൻഎൽ തന്നെ. ടെലികോം കമ്പനികളുടെ യുദ്ധത്തിലേക്ക് കാലെടുത്തു വച്ച ബിഎസ്എൻഎൽ.
ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നതിനായി വിവിധ സ്‌റ്റാർട്ടപ്പുകളുമായും കമ്പനികളുടെ ഒരു കൺസോർഷ്യവുമായും പങ്കാളിത്തത്തിന് ഒരുങ്ങുകയാണ്.
വരും മാസങ്ങളിൽ, ഈ സ്‌റ്റാർട്ടപ്പുകളുമായും കമ്പനികളുമായും ചേർന്ന് ബിഎസ്എൻഎൽ 5ജി ട്രയലുകൾ ആരംഭിക്കും. സ്വകാര്യ നെറ്റ്‌വർക്കുകൾ (സിഎൻപിഎൻ) സ്ഥാപിക്കുന്നതിലായിരിക്കും പ്രാഥമിക ശ്രദ്ധ, സ്പെക്‌ട്രം, ഇൻഫ്രാസ്ട്രക്ചർ, റിസോഴ്‌സുകൾ എന്നിവ ബിഎസ്എൻഎൽ നൽകുമ്പോൾ, പങ്കാളി കമ്പനികൾ സേവന വിതരണം കൈകാര്യം ചെയ്യാനാവും ശ്രമിക്കുക.