June 22, 2024

Login to your account

Username *
Password *
Remember Me

പച്ചത്തുരുത്ത് വ്യാപനത്തിന് വിപുല കർമ പരിപാടികളുമായി ഹരിതകേരളം മിഷൻ

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പച്ചത്തുരുത്തുകളുടെ വ്യാപനത്തിന് ബൃഹത് പരിപാടിയുമായി ഹരിതകേരളം മിഷൻ. 1000 ത്തിലധികം പുതിയ പച്ചത്തുരുത്തുകൾ ആരംഭിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയിൽ ഒന്നു വീതം എന്ന തോതിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകൾ നടും. ഇതിനു പുറമേ 405 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 870 പുതിയ പച്ചത്തുരുത്തുകൾക്കും തുടർന്നുള്ള ദിവസങ്ങളിൽ തുടക്കമാകും. പുതിയ പച്ചത്തുരുത്തുകളിൽ 203 എണ്ണവും കാസർഗോഡ് ജില്ലയിലാണ്. 50 ഏക്കറിൽ ചവറ KMML ൽ ആരംഭിക്കുന്ന പച്ചത്തുരുത്ത് വ്യവസായ സ്ഥാപനങ്ങളുടെ വളപ്പിൽ തീർക്കുന്ന പച്ചത്തുരുത്തിൽ ശ്രദ്ധേയമാകും. തിരുവനന്തപുരത്ത് ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിൽ രണ്ട് ഏക്കറിലും പൂഞ്ഞാർ IHRD എഞ്ചിനീയറിംഗ് കോളേജ് കാമ്പസ്, ആലപ്പുഴ കെ.എസ്.ഡി.പി. എന്നിവിടങ്ങളിൽ 10 ഏക്കർ വീതവും സ്ഥലങ്ങളിൽ പച്ചത്തുരുത്തിന് തുടക്കം കുറിക്കും. ഒരു ബ്ലോക്കിൽ ചുരുങ്ങിയത് ഒരു മാതൃകാ പച്ചത്തുരുത്തും ഇതോടൊപ്പം സജ്ജമാക്കും. കണ്ടൽ ചെടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ടൽ ചെടികൾ മാത്രം ഉൾപ്പെടുത്തി പച്ചത്തുരുത്തുകൾ ആരംഭിക്കും. ഇതിനുപുറമെ ദക്ഷിണ റെയിൽവേയുമായി ചേർന്ന് തെക്കൻ ജില്ലകളിലെ വിവിധ ഇടങ്ങളിലായി 7 ഏക്കറിലും പച്ചത്തുരുത്തുകൾക്ക് തുടക്കമിടും.


പ്രാദേശിക ജൈവവൈവിധ്യം ഉറപ്പാക്കിയാണ് പച്ചത്തുരുത്തുകൾ തീർക്കുന്നത്. തുടക്കം മുതലും തുടർന്നുള്ള പരിപാലനത്തിലും ജനകീയ പങ്കാളിത്തവുമുണ്ടാകും. ജനങ്ങളിൽ നിന്നും നാടൻ വൃക്ഷതൈകളുടെ ശേഖരണം, പരസ്പരം തൈകൾ കൈമാറാനുള്ള പരിപാടി എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ വനവൽക്കരണ വകുപ്പ്, കൃഷി വകുപ്പ്, ഔഷധസസ്യ ബോർഡ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, ഫോറസ്ട്രി കോളേജ് തുടങ്ങിയവയും പച്ചത്തുരുത്ത് വ്യാപന പരിപാടികളിൽ പങ്കാളികളാവുകയാണ്.


കഴിഞ്ഞ 5 വർഷ കാലയളവിൽ സംസ്ഥാനത്ത് 856.23 ഏക്കറിലായി 2950 പച്ചത്തുരുത്തുകളാണ് സൃഷ്ടിച്ചത്. പ്രതികൂല കാലാവസ്ഥകളുൾപ്പെടെ വിവിധ കാരണങ്ങളാൽ നാശം നേരിട്ട പച്ചത്തുരുത്തുകളുടെ പുനഃസൃഷ്ടിക്കായി പുതിയ തൈകൾ വച്ചുപിടിപ്പിക്കുന്ന പ്രവർത്തനങ്ങളും ഇതോടൊപ്പം നടപ്പിലാക്കുകയാണ്. ഒഴിഞ്ഞു കിടക്കുന്ന പൊതു-സ്വകാര്യ സ്ഥലങ്ങൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ സ്ഥലങ്ങൾ, തരിശു ഭൂമി എന്നിവിടങ്ങളിൽ പ്രാദേശികമായി വളരുന്ന ചെടികൾ നട്ടു വളർത്തി പ്രാദേശിക ജൈവവൈവിധ്യം സാധ്യമാക്കുന്ന ചെറുകാടുകൾ സൃഷ്ടിച്ചെടുക്കുകയാണ് പച്ചത്തുരുത്ത് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അരസെന്റു മുതൽ എത്ര വിസ്തൃതിയിലും പച്ചത്തുരുത്ത് നിർമ്മിച്ചെടുക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളെ നേരിടുന്നതിലും നെറ്റ് സീറോ കാർബൺ എമിഷൻ അവസ്ഥയിലേയ്ക്ക് ചുവടു വയ്ക്കുന്നതിലും മരങ്ങൾക്കുള്ള പങ്ക് ചെറുതല്ല. 2050 ൽ സംസ്ഥാനം ലക്ഷ്യമിട്ടിട്ടുള്ള നെറ്റ് സീറോ കാർബൺ കേരളം എന്ന അവസ്ഥ കൈവരിക്കുന്നതിൽ പച്ചത്തുരുത്തുകൾക്ക് സുപ്രധാന പങ്കു വഹിക്കാനാകും. ഇതുവരെ സ്ഥാപിച്ച പച്ചത്തുരുത്തുകളെ സംബന്ധിച്ച് ഹരിതകേരളം മിഷൻ ഈ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് നടത്തിയ അവസ്ഥാ പഠനത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.