Print this page

കൊച്ചി ഇന്‍ഫോപാര്‍ക്ക് 18ാം വയസ്സിലേക്ക്

Kochi Infopark turns 18 years old Kochi Infopark turns 18 years old
കൊച്ചി: വാണിജ്യ തലസ്ഥാനമായ കൊച്ചിയെ ഐടി ഹബ് ആക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കൊച്ചി ഇന്‍ഫോപാര്‍ക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് 17 വര്‍ഷം പൂര്‍ത്തിയാക്കി. വന്‍കിട ഐടി കമ്പനികളേയും സംരംഭകരേയും ആകര്‍ഷിക്കുന്നതിനും ഐടി വളര്‍ച്ചയുടെ പങ്കുപറ്റാനമായി 2004ലാണ് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇന്‍ഫോപാര്‍ക്കിന് തുടക്കമിട്ടത്. ഇതിനായി കാക്കനാട് കിന്‍ഫ്രയുടെ 100 ഏക്കര്‍ ഇന്‍ഫോപാര്‍ക്കിന് കൈമാറി. ഇവിടെ ഉണ്ടായിരുന്ന കെട്ടിടം ഐടി കമ്പനികളുടെ സൗകര്യങ്ങള്‍ക്കായി നവീകരിച്ചു. ഇവിടെ നാലു കമ്പനികളുമായാണ് ഇന്‍ഫോപാര്‍ക്കിന്റെ തുടക്കം.
18ാം വയസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ 450ഓളം കമ്പനികളും 50,000ഓളം ജീവനക്കാരും ഇന്‍ഫോപാര്‍ക്കിലുണ്ട്. പരോക്ഷമായി ഇതിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കാനും പാര്‍ക്കിനു കഴിഞ്ഞു. കോവിഡ് മൂലമുണ്ടായ പ്രതികൂല സാഹചര്യങ്ങളിലും ഐടി കയറ്റുമതിയില്‍ മികച്ച വര്‍ധനയോടെ ഇന്‍ഫോപാര്‍ക്ക് കുതിക്കുകയാണ്. വികസന മുന്നേറ്റത്തില്‍ ഇന്‍ഫോപാര്‍ക്ക് കൊച്ചിക്കു പുറത്തേക്കും വികസിച്ചു. സമീപ ജില്ലകളായ തൃശൂരിലെ കൊരട്ടിയിലും ആലപ്പുഴയിലെ ചേര്‍ത്തലയിലും ഇന്ന് ഇന്‍ഫോപാര്‍ക്കിന് ഉപഗ്രഹ കാമ്പസുകള്‍ ഉണ്ട്. 17 വര്‍ഷത്തിനിടെ കൊച്ചിയുടെ വ്യാവസായിക, സാമ്പത്തിക പുരോഗതിയിലും ആഗോള തലത്തില്‍ നഗരത്തിന് പുതിയ മേല്‍വിലാസം നേടിക്കൊടുക്കുന്നതിലും ഇന്‍ഫോപാര്‍ക്ക് വലിയൊരു പങ്ക് വഹിച്ചു
'പോസ്റ്റ് കോവിഡ് സാഹചര്യത്തില്‍ ഐടി മേഖല ഒരു വന്‍ കുതിപ്പിനൊരുങ്ങുമ്പോള്‍ അവസരത്തിനൊത്ത് പുതിയ തലങ്ങളിലേക്ക് ഉയരാന്‍ ഇന്ന് ഇന്‍ഫോപാര്‍ക്ക് പൂര്‍ണസജ്ജമാണ്. ഐടി പ്രൊഫഷനലുകളുടേയും കമ്പനികളുടേയും ഒരു ഇഷ്ട ഇടമാക്കി ഇന്‍ഫോപാര്‍ക്ക് അടക്കമുള്ള കേരളത്തിലെ ഐടി പാര്‍ക്കുകളെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി സ്വകാര്യ നിക്ഷേപകരുമായി ചേര്‍ന്ന് ലോകോത്തര തൊഴിയില്‍, സാമൂഹിക, ജീവിത അടിസ്ഥാനസൗകര്യങ്ങളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. ഇനിയും ഉയരത്തിലെത്താനുള്ള വലിയ സ്വപ്‌നവും അതിന് ശക്തമായ അടിത്തറയും ഇന്‍ഫോപാര്‍ക്കിനുണ്ട്. ടീ ഇന്‍ഫോപാര്‍ക്ക് ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പൂര്‍ണസജ്ജരാണ്,' ഇന്‍ഫോപാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.
സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതോടൊപ്പം സ്വകാര്യ സംരംഭകരെ കൂടി ഉള്‍പ്പെടുത്തി കോ-ഡെവലപര്‍ മാതൃകയിലുള്ള ഇന്‍ഫോപാര്‍ക്കിന്റെ വികസന മുന്നേറ്റത്തില്‍ പങ്കുപറ്റാന്‍ നിരവധി ബഹുരാഷ്ട്ര ഐടി കമ്പനികളാണ് കൊച്ചിയിലെത്തിയത്. ടിസിഎസ്, വിപ്രോ, ഐബിഎസ് തുടങ്ങിയ ആഗോള ഐടി ഭീമന്‍മാര്‍ക്ക് ഇന്‍ഫോപാര്‍ക്കില്‍ സ്വന്തമായി കാമ്പസുണ്ട്. കൂടാതെ ബ്രിഗേഡ് ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, കാര്‍ണിവല്‍ ഗ്രൂപ്പ് എന്നിവരും സ്ഥലം ഏറ്റെടുത്തു ഐ ടി കെട്ടിടങ്ങള്‍ വികസിപ്പിച്ചു. കാസ്പിയന്‍ ടെക്പാര്‍ക്ക്, ഐബിഎസിന്റെ സ്വന്തം കാമ്പസ്, ക്ലൗഡ് സ്‌കേപ്‌സ് സൈബര്‍പാര്‍ക്ക് എന്നീ കാമ്പസുകളും പണിപൂര്‍ത്തീകരിച്ചു വരികയാണ്. ഇപ്പോള്‍ 92 ലക്ഷം ചതുരശ്ര അടി ഐടി തൊഴിലിടം ലഭ്യമായ ഇന്‍ഫോപാര്‍ക്കില്‍ ഈ പദ്ധതികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഒരു കോടി ചതുരശ്ര അടി ഐടി സ്‌പേസ് എന്ന നാഴികക്കല്ല് പിന്നിടും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam