Print this page

കേരള ഐടി ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സാങ്കേതിക വിദ്യയിൽ പ്രാദേശിക ഭാഷയുടെ പ്രധാന്യം ഓർമ്മിപ്പിച്ചുള്ള കേരള ഐടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മലയാള അക്ഷരമാല ലിപിയോട് സാമ്യമുള്ളതാണ് ലോഗോ. കേരള ഐടിയുടെ റീ ബ്രാൻറിംഗ് സംരംഭത്തിൻറെ ഭാഗമായാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്.


സാങ്കേതികവിദ്യയൊപ്പം ജനങ്ങളും എന്നതാണ് ലോഗോ പ്രതിനിധാനം ചെയ്യുന്നത്. സംരംഭകർ, നിക്ഷേപകർ, വിദ്യാർഥികൾ തുടങ്ങി ഏതു മേഖലയിലുള്ളവരായാലും ജനങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്നതാണ് റീബ്രാൻഡിംഗ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സംരംഭകരുടെയും അക്കാദമീഷ്യൻമാരുടെയും പൗരന്മാരുടെയും ആവശ്യങ്ങളും ലക്ഷ്യങ്ങളും പ്രോത്സാഹിപ്പിക്കാനാണ് കേരള ഐ.ടി പ്രവർത്തിച്ചുവരുന്നത്. റീബ്രാൻഡിംഗിലൂടെ ഈ ലക്ഷ്യം കൂടുതൽ വേഗത്തിലും നൂതന കാഴ്ചപ്പാടോടെയും നിറവേറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നു.


ഐ.ടി മേഖലയിലെ സ്ഥാപനങ്ങളും അനുബന്ധ സംരംഭങ്ങളും ഒരുമിച്ച് കൊണ്ടുവന്ന് നിക്ഷേപങ്ങൾ ആകർഷിക്കുക, അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക, സ്റ്റാർട്ടപ്പുകളെ പ്രാപ്തമാക്കുക, വൈദഗ്ധ്യം ഉറപ്പാക്കുക, ഇ-ഗവേണൻസിന് ഊന്നൽ നൽകുക എന്നിവയാണ് ലക്ഷ്യം. ഇതിനെല്ലാമുതകുന്ന നയവും രൂപപ്പെടുത്തും.


ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ, കേരള ഐടിപാർക്ക്‌സ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ മജ്ഞിത്ത് ചെറിയാൻ, വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപന മേധാവികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Rate this item
(0 votes)
Author

Latest from Author