Print this page

ലഹരിമുക്ത കേരളം: ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി അധ്യാപക സംഘടനകളുടെ യോഗം വിളിച്ച് ചേർത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

By September 29, 2022 207 0
തിരുവനന്തപുരം: ലഹരിമുക്ത കേരളത്തിനായുള്ള സംസ്ഥാന സർക്കാറിന്റെ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി അധ്യാപക സംഘടനകളുടെ യോഗം വിളിച്ച് ചേർത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ, വാർഡ്തല സമിതിയുടെ അടിസ്ഥാനത്തിൽ സ്‌കൂൾതല ജനജാഗ്രതാ സമിതി രൂപീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്‌കൂൾതല ജനജാഗ്രതാ സമിതിയുടെ അദ്ധ്യക്ഷൻ - പി.ടി.എ പ്രസിഡന്റ്ആയിരിക്കും. കൺവീനർ - പ്രിൻസിപ്പൽ/എച്ച്.എം ആണ്.

അംഗങ്ങൾ - പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ, അധ്യാപക പ്രതിനിധികൾ, സ്‌കൂൾ പാർലമെന്റ് പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, വിദ്യാലയ വികസന സമിതി അംഗങ്ങൾ, എസ്.എം.സി പ്രതിനിധികൾ, വിരമിച്ച അധ്യാപകർ, മാനേജ്‌മെന്റ് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്‌കൂൾ പരിസരത്തുളള വ്യാപാര സ്ഥാപന പ്രതിനിധികൾ, സ്‌കൂൾ പരിസരത്തുളള ഓട്ടോഡ്രൈവർമാരുടെ പ്രതിനിധികൾ (കഴിവതും രക്ഷകർത്താക്കളാകുന്നത് ഉചിതം), പോലീസ്, എക്‌സൈസ്, ആരോഗ്യ വകുപ്പ് പ്രതിനിധികൾ, മറ്റ് അഭ്യുദയകാംക്ഷികൾ തുടങ്ങിയവരാണ്.

·ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ ഒക്‌ടോബർ 2 മുതൽ നവംബർ 1 വരെയുളള കാലയളവിൽ വിപുലമായ കർമ്മപദ്ധതി തയ്യാറാക്കി സ്‌കൂളുകളിൽ നടപ്പിലാക്കേണ്ടതുണ്ട്. എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., വി.എച്ച്.എസ്.ഇ വിഭാഗങ്ങളെ ഉൾപ്പെടുത്തി സ്‌കൂളിനെ ഒറ്റ യൂണിറ്റായി കണക്കാക്കി കർമ്മ പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്.

ലഹരി വസ്തുക്കൾക്കെതിരെയുളള ബോധവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ അദ്ധ്യാപകർക്കും വിമുക്തി മിഷന്റെ നേതൃത്വത്തിൽ എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമുളള പരിശീലനങ്ങൾ നടന്നുവരുന്നുതായി മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും ബി.ആർ.സി തലത്തിൽ ക്രമീകരിച്ചിട്ടുളള പരിശീലനം സെപ്റ്റംബർ 30-നകം പൂർത്തിയാകും.

ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ 2-ന് ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവ്വഹിക്കും. ഒക്‌ടോബർ 2-ന് രാവിലെ 10.00 മണിക്ക് കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ ഈ പരിപാടി സംപ്രേഷണം ചെയ്യും.

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും രാവിലെ 9.30-ന് ഉദ്ഘാടന പരിപാടി സംഘടിപ്പിക്കണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വീക്ഷിക്കുന്നതിനുളള സംവിധാനം എല്ലാ സ്‌കൂളുകളിലും ഒരുക്കേണ്ടതാണ്.
അതത് പ്രദേശത്തെ ജനപ്രതിനിധികൾ, കലാ കായിക സാഹിത്യ പ്രതിഭകൾ, പൊതുജനങ്ങൾ തുടങ്ങി പരമാവധി ആളുകളുടെ പങ്കാളിത്തം ഉദ്ഘാടന പരിപാടിയിൽ ഉണ്ടായിരിക്കണം.

·ഒക്‌ടോബർ 2-ന് സ്‌കൂളിലേക്ക് എത്താൻ സാധിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും ഈ പരിപാടിയുടെ ഭാഗമാക്കാൻ ശ്രദ്ധിക്കണം. എല്ലാ അധ്യാപകരും അന്നേ ദിവസം സ്‌കൂളിൽ എത്തിച്ചേർന്ന് ശുചീകരണ പരിപാടിയോടൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം.എൻ.എസ്.എസ്, എസ്.പി.സി., എൻ.സി.സി., സ്‌കൗട്ട് & ഗൈഡ്, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്, ആൻഫി നർക്കോട്ടിക് ക്ലബ്ബ് അംഗങ്ങൾ, മറ്റ് ക്ലബ് അംഗങ്ങൾ സ്‌കൂളിലെ ഈ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകണം.

ഈ പരിപാടിയോട് അനുബന്ധിച്ച് വിവിധ പോസ്റ്ററുകൾ, ബോർഡുകൾ, മറ്റ് പ്രചരണ സാമഗ്രികൾ ഉണ്ടാക്കുകയും എല്ലാ വിദ്യാർത്ഥികളിലേയ്ക്കും അവരുടെ കുടുംബാംഗങ്ങളിലേക്കും ലഹരിവിരുദ്ധ സന്ദേശവും കൃത്യമായ അവബോധം എത്തുന്നു എന്ന് അതാത് സ്‌കൂളുകൾ ഉറപ്പാക്കേണ്ടതാണ്.

സ്റ്റാഫ് കൗൺസിൽ, സ്‌കൂൾ പാർലമെന്റ്, പി.ടി.എ യോഗങ്ങൾ ചേർന്ന് സ്‌കൂളിന് പൊതുവായ ഒരു കർമ്മപദ്ധതി തയ്യാറാക്കി ആയതിന്റെ അടിസ്ഥാനത്തിലുളള പ്രവർത്തന പദ്ധതി തയ്യാറാക്കണം. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗമുണ്ട് എന്ന് കണ്ടെത്തുന്ന പക്ഷം കുട്ടികളുടെ വ്യക്തിത്വത്തിന് മുറിവേൽക്കാതെ പ്രസ്തുത വിവരം പോലീസിനേയോ, എക്‌സൈസിനേയോ അറിയിക്കണം.

സ്‌കൂളിനുളളിലും പരിസരത്തും ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുളള ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി അവ ഒഴിവാക്കുന്നതിനുളള നടപടികൾ കൈക്കൊളേളണ്ടതാണ്. സ്‌കൂൾ പരിസരത്തുളള ലഹരി വസ്തുക്കളെ സംബന്ധിച്ചുളള പരാതികളും, കുറ്റകൃത്യങ്ങളെ സംബന്ധിച്ചുളള വിവരങ്ങളും രഹസ്യമായി എക്‌സൈസ് വകുപ്പിനെ അറിയിക്കുന്നതിനായി 9 4 4 7 1 7 8 0 0 0, 9 0 6 1 1 7 8 0 0 0 എന്നീ മൊബൈൽ നമ്പരുകൾ ഉപയോഗിക്കാവുന്നതാണ്. ലഹരി ഉപയോഗംമൂലം വിദ്യാർത്ഥികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും പെരുമാറ്റ വൈകല്യങ്ങളും നേരിട്ട് എക്‌സൈസ് വകുപ്പിന്റെ 9 6 5 6 1 7 8 0 0 0 നമ്പരിലേക്ക് വാട്‌സ്ആപ്പ് ചെയ്യാവുന്നതാണ്.

·എക്‌സൈസ് വകുപ്പിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 3 മേഖലാ വിമുക്തി കൗൺസിലിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നു. 1 4 4 0 5 എന്ന ടോൾഫ്രീ നമ്പരിൽ കൗൺസിലിംഗ് സേവനം ലഭ്യമാകുന്നുണ്ട്.
സ്‌കൂൾതലത്തിൽ നടക്കുന്ന എല്ലാ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ഏതെങ്കിലും ഒരു അദ്ധ്യാപകന്റെ ചുമതലയായിട്ടല്ല മറിച്ച് സ്‌കൂളിലെ എല്ലാ അധ്യാപകരുടെയും കൂട്ടായ പ്രവർത്തനമായി ഏറ്റെടുത്ത് നടത്തണം.ലഹരി വിരുദ്ധ സന്ദേശങ്ങൾ രക്ഷകർത്താക്കളിലേക്കും കുട്ടികളിലേക്കും എത്തിക്കുന്നതിനായി ക്ലാസ്സ്തല പി.ടി.എ യോഗങ്ങൾ വിളിച്ചു ചേർക്കുകയും രക്ഷകർത്താക്കളോടൊപ്പം കുട്ടികളും ഇതിൽ പങ്കെടുക്കുകയും ചെയ്യണം.ക്ലാസ്സ്തല പി.റ്റി.എ യോഗങ്ങൾ ഒക്‌ടോബർ 6, 7 തീയതികളിലായി പൂർത്തിയാക്കണം.

തുടർ പ്രവർത്തനമെന്ന നിലയിൽ എല്ലാ ക്ലാസ്സുകളിലും ഈ വിഷയത്തെ ആസ്പദമാക്കി ചർച്ച, സംവാദം തുടങ്ങിയവ സംഘടിപ്പിക്കേണ്ടതാണ്. 24/10/2022 ന് ദീപാവലി ദിവസം സ്‌കൂൾതലത്തിലോ വീടുകളിലോ ലഹരിക്കെതിരായി ദീപം തെളിയിച്ച് സോഷ്യൽ മീഡിയ ക്യാമ്പയിനായി മാറ്റാവുന്നതാണ്.

പ്രമുഖ വ്യക്തിത്വങ്ങൾ, ജനപ്രതിനിധികൾ, മോട്ടിവേഷൻ സ്പീക്കേഴ്‌സ് എന്നിവരെ ഈ പരിപാടികളിലേക്ക് ക്ഷണിക്കാവുന്നതാണ്. 2022 ഒക്‌ടോബർ 30, 31 തീയതികളിൽ വിളംബർ ജാഥ സംഘടിപ്പിക്കണം. സ്‌കൂൾ തലത്തിൽ ഉപയോഗിക്കേണ്ട പോസ്റ്റർ, ബോർഡ് എന്നിവയുടെ പൊതുഡിസൈൻ സംസ്ഥാനതലത്തിൽ നിന്ന് നൽകുന്നതാണ്. സ്‌കൂൾതലത്തിൽ ഇവ സ്ഥാപിക്കുന്നതിന് പി.ടി.എ മുൻകൈയ്യെടുക്കണം.

·ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ ചെറു വീഡിയോകൾ, ഹ്രസ്വ ചിത്രങ്ങൾ സ്‌കൂൾ തലത്തിൽ തയ്യാറാക്കി പ്രചാരണ പരിപാടികളുടെ ഭാഗമാക്കണം. ഹോസ്റ്റലുകൾ ഉളള സ്‌കൂളുകളിൽ ഹോസ്റ്റൽ കേന്ദ്രീകരിച്ചും ബോധവത്ക്കരണ പരിപാടികൾ നടക്കുന്നു എന്ന് ഹോസ്റ്റൽ വാർഡൻ/ചുമതലപ്പെട്ട അദ്ധ്യാപകർ ഉറപ്പാക്കണം.

എല്ലാ സ്‌കൂളുകളിലും അധ്യാപകരും ജനജാഗ്രത സമിതി അംഗങ്ങളും അതാത് സ്‌കൂളുകളുടെ 100 മീറ്റർ ചുറ്റളവിലെ കടകളിൽ സന്ദർശനം നടത്തി ഏതെങ്കിലും സ്ഥാപനങ്ങളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പ്രസ്തുത വിവരം പോലീസ്/എക്‌സൈസിന് കൈമാറേണ്ടതാണ്.

സ്‌കൂളുകളിലെ ശുചിമുറി, ടോയ്‌ലറ്റ്, ഉപയോഗയോഗ്യമല്ലാത്ത കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടെയുളള സ്‌കൂളിലെ എല്ലാ കെട്ടിടങ്ങളും അദ്ധ്യാപകരുടെ പൂർണ്ണ നിരീക്ഷണത്തിലാക്കുകയും ലഹരി വസ്തുക്കൾ കൈമാറുന്ന കേന്ദ്രങ്ങളല്ല എന്ന് ഉറപ്പാക്കുകയും വേണം.എല്ലാ സ്‌കൂളുകളിലെയും 100 വാര ചുറ്റളവിൽ പുകയില ഉത്പ്പന്നങ്ങൾ വിൽക്കുന്നില്ല എന്നും കൈമാറ്റം ചെയ്യുന്നില്ല എന്നും ജനജാഗ്രതാ സമിതി ഉറപ്പാക്കുകയും ലഹരിമുക്ത പ്രദേശമാക്കി യെല്ലോ ലെയിൻക്യാമ്പയിൻ ശക്തിപ്പെടുത്തേണ്ടതുമാണ്.

നവംബർ 1 വരെയുളള ലഭ്യമായ അധ്യയന ദിവസങ്ങളിൽ വിവിധ ക്ലബുകൾ, എൻ.എസ്.എസ്, എസ്.പി.സി., എൻ.സി.സി., സ്‌കൗട്ട് & ഗൈഡ്, ജെ.ആർ.സി., ലിറ്റിൽ കൈറ്റ് എന്നീ സംവിധാനങ്ങളേയും സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് സ്‌കൂൾതലത്തിൽ കലാ കായിക പരിപാടികൾ സംഘടിപ്പിക്കണം. കവിതാരചന, കവിതാ പാരായണം, കഥാരചന, സ്‌കിറ്റ്, റോൾപ്ലേ, പോസ്റ്റർ നിർമ്മാണം, പ്രസംഗം തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കണം.

സ്‌കൂൾ തലത്തിൽ സൈക്കിൾ റാലി, കൂട്ടയോട്ടം, തെരുവ് നാടകം, ഫ്‌ളാഷ് മോബ് തുടങ്ങിയ പരിപാടികൾ പൊതുജന ശ്രദ്ധ ആകർഷിക്കും വിധം നടപ്പാക്കേണ്ടതാണ്.
ആഴ്ചയിൽ ഒരിക്കൽ സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് മേൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം.

·ലഹരിക്കെതിരെയുളള തീവ്രയജ്ഞ ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനത്തിന്റെ സമാപനമെന്ന നിലയിൽ നവംബർ 1-ന് കുട്ടികൾ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ, പൊതുജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ശൃംഖല രൂപീകരിക്കുകയും പ്രതീകാത്മക ലഹരി ഉത്പ്പന്നങ്ങളുടെ കുഴിച്ചുമൂടൽ, കത്തിക്കൽ എന്നിവ സംഘടിപ്പിക്കേണ്ടതുമാണ്.

ഇന്നേ ദിവസം സ്‌കൂൾതലത്തിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, പൊതുജനങ്ങൾ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ കൈക്കൊളേളണ്ടതാണ്. വിദ്യാഭ്യാസ ഓഫീസർമാരും അവരുടെ അധികാര പരിധിലുളള സ്‌കൂളുകളിൽ സന്ദർശനം നടത്തി കർമ്മ പദ്ധതികളുടെ അവലോകനം നടത്തേണ്ടതാണ്.

ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ തീവ്രയജ്ഞ പരിപാടി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും (സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ, മറ്റ് ബോർഡുകൾ) ബാധമാകുന്നതാണ്. സ്‌കൂൾതലത്തിൽ നടക്കുന്ന എല്ലാ പരിപാടികളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുഴുവൻ മാധ്യമങ്ങളുടെ ശ്രദ്ധയും ക്ഷണിക്കാവുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Rate this item
(0 votes)
Author

Latest from Author