Print this page

തിരുവനന്തപുരം നഗരത്തിനായി സമഗ്ര മൊബിലിറ്റി പദ്ധതിയുമായി കെ.എം.ആര്‍.എല്‍

By January 06, 2023 939 0
തിരുവനന്തപുരം നഗരത്തിലെ സഞ്ചാര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത 30 വര്‍ഷത്തേക്കുള്ള സമഗ്ര മൊബിലിറ്റി പദ്ധിതി അവതരിപ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. പദ്ധതിയുടെ ഭാഗമായുള്ള പ്രാഥമികപഠനം ആരംഭിച്ചു. കെ.എം.ആര്‍.എല്‍ന്റെ നേതൃത്വത്തില്‍ അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയാണ് പഠനം നടത്തുന്നത്. പദ്ധതിയെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ ജില്ലാകളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എം.ആര്‍.എല്‍ പ്രതിനിധികള്‍ വിശദീകരിച്ചു.


തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെയ്യാറ്റിന്‍കര നഗരസഭ, മംഗലപുരം, അണ്ടൂര്‍കോണം, വിളപ്പില്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, കല്ലിയൂര്‍, വെങ്ങാനൂര്‍, ബാലരാമപുരം പഞ്ചായത്തുകള്‍ എന്നിവിടങ്ങളാണ് പദ്ധതി പ്രദേശം. ഇത് കൂടാതെ ആറ്റിങ്ങല്‍, നെടുമങ്ങാട് നഗരസഭകള്‍, ചിറയിന്‍കീഴ്, അഴൂര്‍, മുദാക്കല്‍, പോത്തന്‍കോട്, മലയിന്‍കീഴ്, വെമ്പായം, കരകുളം, അരുവിക്കര, കാട്ടാക്കട, കഠിനംകുളം, മാറനല്ലൂര്‍ പഞ്ചായത്തുകള്‍ എന്നിവ പദ്ധതിയുടെ സ്വാധീന മേഖലയായും നിശ്ചയിച്ചിട്ടുണ്ട്.


ആദ്യഘട്ടത്തില്‍ നഗരത്തിലെ ജനസംഖ്യ, റോഡ്, റെയില്‍ സൗകര്യങ്ങള്‍ എന്നിവ പഠിച്ച് അടുത്ത മുപ്പത് വര്‍ഷത്തിനിടെ ഉണ്ടാകാനിടയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്ത് സമഗ്ര പദ്ധതിക്ക് രൂപം നല്‍കും. മാര്‍ച്ച് 31 നകം പഠനം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് കെ.എം.ആര്‍.എല്‍ പ്രതിനിധികള്‍ പറഞ്ഞു.


നഗരത്തിലെ യാത്ര സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, പൊതുഗതാഗത സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author