Print this page

മലയോര-ആദിവാസി പട്ടയങ്ങള്‍ക്കായി പ്രത്യേക മിഷന്‍: മന്ത്രി കെ രാജന്‍

By September 27, 2022 873 0
തിരുവനന്തപുരം: ആദിവാസി മേഖലകളിലും മലയോര പ്രദേശങ്ങളിലും പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക മിഷന്‍ നടപ്പിലാക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍. നിലവിലെ ലാന്റ് ട്രൈബ്യൂണലിന് പുറമെയാണ് ഇവ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് താലൂക്കിലെ ആനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമുള്ള അടിസ്ഥാന ഘടകമാണ് വില്ലേജ് ഓഫീസുകള്‍. അവയുടെ ആധുനികീകരണത്തിലൂടെ ജനങ്ങള്‍ക്ക് സുതാര്യമായ സേവനം ഉറപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് റവന്യൂ വകുപ്പിലെ ഡിജിറ്റല്‍ റീസര്‍വ്വെ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആനാട് ഗ്രാമപഞ്ചായത്തില്‍ ടേക്ക് എ ബ്രേക്ക് ആരംഭിക്കുന്നതിനായി ജില്ലാ ഭരണകൂടം വിട്ടു നല്‍കിയ അഞ്ച് സെന്റ് ഭൂമി മന്ത്രി പഞ്ചായത്തിന് കൈമാറി. ഉദ്ഘാടനത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ് അങ്കണത്തില്‍ ഔഷധ സസ്യങ്ങള്‍ നട്ടു.
സര്‍ക്കാരിന്റെ റീ ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി 45 ലക്ഷം രൂപ ചെലവഴിച്ചാണ് ആനാട് വില്ലേജ് ഓഫീസ് നവീകരിച്ചത്. വില്ലേജ് ഓഫീസിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കുള്ള തുക പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചതായി ചടങ്ങില്‍ അധ്യക്ഷനായ ഡി. കെ മുരളി എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ 24 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളായി മാറി. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഇരുപത്തിരണ്ടും ജില്ലാ ഭരണകൂടത്തിന്റെ പ്ലാന്‍ ഫണ്ടില്‍ ഏഴും വില്ലേജ് ഓഫീസുകളുടെ നവീകരണം പുരോഗമിക്കുകയാണ് 

ആനാട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, എ.ഡി.എം അനില്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Image
Rate this item
(0 votes)
Last modified on Wednesday, 28 September 2022 09:58
Author

Latest from Author