Print this page

തമിഴ്നാട്ടിൽ അതിശക്ത മഴ മുന്നറിയിപ്പ്:കാലാവസ്ഥാ കേന്ദ്രം

Heavy rain warning in Tamil Nadu: Meteorological Centre Heavy rain warning in Tamil Nadu: Meteorological Centre
ചെന്നൈ: ചുട്ടുപൊള്ളുന്ന ചൂടിനിടെ തമിഴ്നാട്ടിലെ ചില ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് മുതൽ നാല് ദിവസം മഴ പെയ്യുമെന്നാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ വടക്കുകിഴക്കൻ മേഖലയിലും ഭൂമധ്യരേഖയോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഉയർന്ന തലത്തിലുള്ള അന്തരീക്ഷ ചംക്രമണം (atmospheric circulation)നിലനിൽക്കുന്നു. അതുകൊണ്ട് തീരദേശ ജില്ലകളിലും ഉൾപ്രദേശങ്ങളിലും ചില സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലെ ചില സ്ഥലങ്ങളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. അതേസമയം വിരുദുനഗർ, ശിവഗംഗ, മയിലാടുതുറൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ടൈ, രാമനാഥപുരം ജില്ലകളിലും കാരക്കലിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും മാർച്ച് 12, 13 തിയ്യതികളിലും തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ മേഖലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത ചൂടാണ്. ശരാശരിയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തും. 33 -34 ഡിഗ്രി സെൽഷ്യസാകും ഉയർന്ന താപനില.
വടക്കുകിഴക്കൻ മൺസൂൺ കാലത്ത് തമിഴ്‌നാട്ടിൽ 14 ശതമാനം അധിക മഴ ലഭിച്ചു- അതായത് ശരാശരി 447 മില്ലിമീറ്റർ. ചെന്നൈയിലാകട്ടെ 845 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ശരാശരിയേക്കാൾ 16 ശതമാനം കൂടുതലാണിത്. കോയമ്പത്തൂരിൽ 47 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ വർഷം നവംബർ 29 നും ഡിസംബർ 1 നും ഇടയിൽ തീരംതൊട്ട ഫെങ്കൽ ചുഴലിക്കാറ്റ് തമിഴ്‌നാടിനെയും പുതുച്ചേരിയെയും സാരമായി ബാധിച്ചു. 12 പേർ മരിച്ചു. 2,11,139 ഹെക്ടർ കൃഷി ഭൂമി വെള്ളത്തിൽ മുങ്ങി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam