Print this page

അവിവാഹിതകൾക്കും 
ഗർഭച്ഛിദ്രത്തിന്‌ അവകാശം ; സുപ്രധാനവിധിയുമായി സുപ്രീംകോടതി

By September 30, 2022 268 0
ന്യൂഡൽഹി: എല്ലാ സ്‌ത്രീകൾക്കും സുരക്ഷിത ഗർഭച്ഛിദ്രത്തിന്‌ നിയമപരമായ അവകാശമുണ്ടെന്ന്‌ സുപ്രീംകോടതി. ഇക്കാര്യത്തിൽ വിവാഹിതർ, അവിവാഹിതർ എന്ന വേർതിരിവില്ല. സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ച ബലാത്സംഗമാണെന്നും ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.

വിവാഹിതരും അവിവാഹിതരുമായ എല്ലാ സ്‌ത്രീകൾക്കും 20–-24 ആഴ്‌ചവരെ പ്രായമായ ഭ്രൂണം സുരക്ഷിതവും നിയമപരവുമായ മാർഗങ്ങളിലൂടെ ഗർഭച്ഛിദ്രത്തിന്‌ വിധേയമാക്കാം. 18 വയസ്സിൽ താഴെയുള്ള, ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കൗമാരക്കാർക്കും വിധി ബാധകമാണ്‌. വൈദ്യസഹായത്തോടെ ഗർഭച്ഛിദ്രം നടത്തുന്നത്‌ സംബന്ധിച്ച 2021ലെ നിയമ ഭേദഗതിയിൽ വിവാഹിതരല്ലാത്ത സ്‌ത്രീകളെ ഉൾപ്പെടുത്താത്തത്‌ മൗലികാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.

ഭർതൃബലാത്സംഗത്തിലൂടെ ഗർഭിണിയാകുന്നവർക്കും ഗർഭച്ഛിദ്രത്തിന്‌ അവകാശമുണ്ട്. ഭർതൃബലാത്സംഗ ഇരകളെയും അതിജീവിതകളായി പരിഗണിക്കും. ദാമ്പത്യബലാത്സംഗം കുറ്റമാണോ എന്നത്‌ മറ്റൊരു ബെഞ്ച്‌ പരിഗണിക്കുന്നതിനാൽ അതു സംബന്ധിച്ച അന്തിമ വിധി ആ ബെഞ്ചിന്‌ വിട്ടു. സ്‌ത്രീകളുടെ പ്രത്യുൽപ്പാദന സ്വാതന്ത്ര്യം ശരീരത്തിന്മേലുള്ള സ്വയംനിർണയാവകാശത്തിന്റെ ഭാഗമാണ്‌. ആഗ്രഹത്തിനു വിരുദ്ധമായി പ്രസവിക്കണമെന്നു പറയുന്നത്‌ സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതാണ്‌. സമൂഹം മാറിച്ചിന്തിക്കുന്നതിനൊപ്പം ശീലവും നിയമവും മാറണം. 24 ആഴ്‌ചയായ ​ഗര്‍ഭം അലസിപ്പിക്കണമെന്ന അവിവാഹിതയായ മണിപ്പുർ സ്വദേശിനിയുടെ ഹർജി അനുവദിച്ചാണ്‌ കോടതിയുടെ ഉത്തരവ്‌. അന്താരാഷ്‌ട്ര സുരക്ഷിത ഗർഭച്ഛിദ്രദിനത്തിന്റെ പിറ്റേന്നാണ്‌ സുപ്രധാന വിധി.
Rate this item
(0 votes)
Author

Latest from Author