Print this page

പോപ്പുലര്‍ ഫ്രണ്ടിന് അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ

By September 26, 2022 207 0
ന്യൂഡൽഹി: പോപ്പുലര്‍ ഫ്രണ്ടിന് ഭീകരസംഘടനയായ അല്‍ഖ്വയ്ദയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ. തുര്‍ക്കിയിലെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് വഴി അല്‍ ഖ്വയ്ദ പോപ്പുലര്‍ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എന്‍ഐഎ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആശയ വിനിമയത്തിന്റേയും സാമ്പത്തിക വിനിമയത്തിന്റേയും തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇസ്താംബൂളില്‍ വച്ച് ഭീകരസംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഐഎ പറഞ്ഞു. ഒന്നിലധികം രാജ്യങ്ങള്‍ നിരോധിച്ച സംഘടന കൂടിയാണ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ്. എന്‍ജിഒ എന്ന നിലയിലാണ് ഈ സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ എം അബ്ദുറഹ്മാന്‍, പ്രൊഫസര്‍ ടി കോയ എന്നിവര്‍ അല്‍ ഖ്വയ്ദയുടെ സഹ സംഘടനയുമായി ചര്‍ച്ച നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അല്‍ ഖ്വയ്ദ അനുവദിച്ച സാമ്പത്തിക സഹായം സ്വീകരിച്ചെന്നും എന്‍ഐഎ പറയുന്നു. വ്യത്യസ്ത ഭീകരവാദ സംഘടനകള്‍ക്ക് രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്താണ് പോപ്പുലര്‍ ഫ്രണ്ട് സാമ്പത്തിക സഹായം സ്വീകരിച്ചതെന്ന് എന്‍ഐഎ വിശദീകരിക്കുന്നു. പിഎഫ്‌ഐ തുര്‍ക്കിക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നതിന്റെ സൂചനകളും ലഭിച്ചതായി എന്‍ഐഎ പറയുന്നു.
Rate this item
(0 votes)
Author

Latest from Author