Print this page

ഇഡിയുടെ അധികാരങ്ങൾ ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ (ഇഡി)വിശാല അധികാരങ്ങൾ ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. രണ്ട് വിഷയങ്ങളിൽ പുനഃപരിശോധന വേണമെന്നാണ് പ്രാഥമിക പരിശോധനയിൽ കോടതി വ്യക്തമാക്കിയത്. പുനഃപരിശോധന ആവശ്യപ്പെട്ട് ഹർജി നൽകിയവർക്ക് കോടതി നോട്ടീസ് അയച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന (പിഎംഎൽഎ) നിയമത്തിലെ നിർണായകവകുപ്പുകളുടെ നിയമസാധുത ശരിവച്ച് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്‌ (ഇഡി) സര്‍വ്വാധികാരം നല്‍കിയ വിധിക്ക്‌ എതിരായ പുനഃപരിശോധനാ ഹർജിയിലാണ് ഉത്തരവ്. സുപ്രീംകോടതിയിൽ ഇന്ന് തുറന്നകോടതിയിൽ നടന്ന വാദം കേൾക്കലിൽ ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെതാണ് ഉത്തരവ്. സാധാരണഗതിയിൽ പുനഃപരിശോധനാഹർജികൾ ജഡ്‌ജിമാർ ചേംബറിലാണ് പരി​ഗണിക്കാറുള്ളത്.

ജസ്‌റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ്‌മഹേശ്വരി, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച് ജൂലൈ 27ന് പുറപ്പെടുവിച്ച ഉത്തരവിന്‌ എതിരെ കോൺഗ്രസ്‌ നേതാവ്‌ കാർത്തി ചിദംബരമാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടൽ, ജാമ്യത്തിനായുള്ള കര്‍ശന വ്യവസ്ഥകള്‍ തുടങ്ങിയവയില്‍ ഇഡിക്കുള്ള പ്രത്യേക അധികാരം അം​ഗീകരിക്കുന്നതായിരുന്നു വിധി. ഇഡി പൊലീസ് അല്ലെന്നും ഇഡിയുടെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട് രഹസ്യരേഖയായി കണക്കാക്കാമെന്നും വിധിയിൽ പറയുന്നുണ്ട്.

ഉത്തരവില്‍ ചീഫ്ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ നേരത്തേ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. അസാധാരണസാഹചര്യങ്ങളിൽ വിചാരണ തുടങ്ങുന്നതിനുമുമ്പുതന്നെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡിക്ക്‌ അധികാരമുണ്ടെന്ന വ്യവസ്ഥ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന്‌ കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിധിന്യായത്തിൽ ചീഫ്‌ജസ്‌റ്റിസ്‌ നിരീക്ഷിച്ചിരുന്നു.

വിധി പുറപ്പെടുവിച്ചതിന്റെ പിറ്റേദിവസം ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ വിരമിച്ചു. ഈ സാഹചര്യത്തിൽ ചീഫ്‌ജസ്‌റ്റിസും നേരത്തേ വിധി പുറപ്പെടുവിച്ച ബെഞ്ചിൽ അംഗമായിരുന്ന രണ്ട്‌ ജഡ്‌ജിമാരും അംഗങ്ങളായ പുതിയ ബെഞ്ചാണ്‌ ഇന്ന് പുനഃപരിശോധനാഹർജി പരിഗണിച്ചത്.
Rate this item
(0 votes)
Author

Latest from Author