Print this page

ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് മാതാപിതാക്കളുടെ അനുമതിയില്ലെങ്കിലും വിവാഹിതയാകാം: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക്‌ മുസ്ലിം വ്യക്തിനിയമപ്രകാരം മാതാപിതാക്കളുടെ അനുമതി ഇല്ലെങ്കിലും വിവാഹിതയാകാമെന്ന്‌ ഡൽഹി ഹൈക്കോടതി. പെൺകുട്ടിക്ക്‌ പ്രായപൂർത്തി ആയിട്ടില്ലെങ്കിലും ഭർത്താവിനൊപ്പം കഴിയാനുള്ള അവകാശമുണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു.

‘ഋതുമതിയായ യുവതിക്ക്‌ മാതാപിതാക്കളുടെ അനുമതി ഇല്ലെങ്കിലും വിവാഹിതരാകാമെന്ന്‌ മുസ്ലിം വ്യക്തിനിയമം വ്യക്തമാക്കുന്നുണ്ട്‌. 18 വയസിന്‌ താഴെയാണെങ്കിലും പ്രായപൂർത്തി ആയിട്ടില്ലെങ്കിലും ഭർത്താവിനൊപ്പം കഴിയാനുള്ള അധികാരവും പെൺകുട്ടിക്കുണ്ട്‌ ’– ഈ മാസം 17ന്‌ പുറപ്പെടുവിച്ച വിധിന്യായത്തിൽ ജസ്‌റ്റിസ്‌ ജസ്‌മീത്‌സിങ്ങ്‌ നിരീക്ഷിച്ചു.

തങ്ങളുടെ അനുമതി ഇല്ലാതെ വിവാഹിതയായ പെൺകുട്ടിക്ക്‌ പ്രായപൂർത്തി ആയിട്ടില്ലെന്ന്‌ ആരോപിച്ച്‌ മാതാപിതാക്കൾ നൽകിയ ഹർജിയാണ്‌ ഡൽഹി ഹൈക്കോടതി പരിഗണിച്ചത്‌. പ്രായപൂർത്തിയാകാത്ത മകളെ വിവാഹം ചെയ്‌ത ചെറുപ്പക്കാരന്‌ എതിരെ പോക്‌സോ കേസുൾപ്പടെ ചുമത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ, തന്റെ കക്ഷിക്ക്‌ 19 വയസായെന്ന്‌ ആധാർ കാർഡ്‌ ഹാജരാക്കി പെൺകുട്ടിയുടെ അഭിഭാഷകൻ വാദിച്ചു. യുവതി സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയാകുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുമ്പോൾ സർക്കാരോ പൊലീസോ അതിൽ അനാവശ്യമായി തലയിടേണ്ട കാര്യമില്ലെന്ന്‌ ജഡ്‌ജി ചൂണ്ടിക്കാണിച്ചു.

ഈ കേസിൽ ആരും ആരെയും ചൂഷണം ചെയ്‌തിട്ടില്ല. അതുകൊണ്ട്‌, പോക്‌സോ ചുമത്തേണ്ട കാര്യമില്ല. പരസ്‌പരം സ്‌നേഹിച്ചിരുന്ന ഇരുവരും നിയമാനുസൃതം വിവാഹിതരായിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ, അവർക്ക്‌ ഒരുമിച്ച്‌ കഴിയാനുള്ള അവസരം നിഷേധിക്കുന്നത്‌ ശരിയല്ല. പെൺകുട്ടി ഗർഭിണിയായതിനാൽ അവർക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും വലിയ അസ്വസ്ഥതയുണ്ടാകാൻ സാധ്യതയുണ്ടെന്നും ജഡ്‌ജി ഉത്തരവിൽ പറഞ്ഞു.

നേരത്തെ, പഞ്ചാബ്‌– ഹരിയാന ഹൈക്കോടതി സമാനമായ ഒരുത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. സർ ദിൻഷാ ഫർദുൻജി മുള്ളായുടെ ‘പ്രിൻസിപ്പൽസ്‌ ഓഫ്‌ മൊഹമ്മദിയൻ ലോ’ എന്ന ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്‌. ഈ ഉത്തരവിന്റെ പിൻബലത്തിലാണ്‌ ഡൽഹി ഹൈക്കോടതിയുടെ പുതിയ ഉത്തരവ്‌.
Rate this item
(1 Vote)
Author

Latest from Author