Print this page

അവിവാഹിതയ്‌‌‌ക്ക്‌ ഗർഭച്ഛിദ്രത്തിന്‌ അനുമതി നൽകില്ലെന്ന ഉത്തരവ്‌ ശരിയല്ലെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: അവിവാഹിതയാണെന്ന ഒറ്റക്കാരണം കൊണ്ട്‌ ഗർഭച്ഛിദ്രത്തിന്‌ അനുമതി നൽകാത്ത ഡൽഹി ഹൈക്കോടതി നടപടി ശരിയല്ലെന്ന്‌ സുപ്രീംകോടതി. നിയമാനുസൃതം വിവാഹിതരാകാതെ ഒന്നിച്ചു കഴിഞ്ഞ ബന്ധത്തിൽ നിന്നുണ്ടായ 24 ആഴ്‌ച്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്ന യുവതിയുടെ ഹർജി പരിഗണിച്ചാണ്‌ നിരീക്ഷണം.

ഗർഭച്ഛിദ്രം യുവതിയുടെ ജീവന്‌ ഭീഷണിയാണോയെന്ന കാര്യം പരിശോധിക്കാൻ ഡൽഹി എയിംസിന്‌ കോടതി നിർദേശം നൽകി. ജീവന്‌ ഭീഷണി ഇല്ലെങ്കിൽ ഗർഭച്ഛിദ്രം നടത്താമെന്നും ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അദ്ധ്യക്ഷനായ ബെഞ്ച്‌ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. അവിവാഹിതയായതിനാൽ യുവതിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാനാകില്ലെന്ന്‌ ഡൽഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്‌ എതിരെയാണ്‌ യുവതി സുപ്രീംകോടതിയെ സമീപിച്ചത്‌.

ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട നിയമം പാസാക്കിയപ്പോൾ പാർലമെന്റ്‌, വിവാഹിതരെ മാത്രമല്ല കണക്കിലെടുത്തിട്ടുള്ളതെന്ന്‌ ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌ ചൂണ്ടിക്കാണിച്ചു. അവിവാഹിതരും വിവാഹബന്ധം വേർപ്പെടുത്തിയവരുമായ യുവതികളുടെ 20 മുതൽ 24 ആഴ്‌ച്ച വരെ പ്രായമുള്ള ഗർഭങ്ങൾ അലസിപ്പിക്കാൻ കോടതികൾ മുമ്പ്‌ അനുമതി നൽകിയിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ അവിവാഹിതയായത്‌ കൊണ്ട്‌ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാനാകില്ലെന്ന ഹൈക്കോടതി ഉത്തരവ്‌ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Rate this item
(0 votes)
Author

Latest from Author