Print this page

സ്ത്രീകളുടെ വിവാഹപ്രായം 21: ബില്ല് നാളെ പാർലമെന്റിൽ

Age of marriage for women 21: Bill to be tabled in Parliament tomorrow Age of marriage for women 21: Bill to be tabled in Parliament tomorrow
ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്താനുള്ള ബില്ല് കേന്ദ്ര സർക്കാർ നാളെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ കോൺഗ്രസിൽ ഭിന്നത. ബില്ല് അജണ്ടയിൽ വന്ന ശേഷം നിലപാട് പറയാം എന്ന് കോൺഗ്രസ് നേതാക്കൾ ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ ബില്ലിനെ തള്ളുന്ന നിലപാടാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സ്വീകരിച്ചത്. വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമുണ്ടെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. എന്നാൽ മുതിർന്ന നേതാവ് പി ചിദംബരം വിവാഹ പ്രായം ഉയർത്തുന്നതിനെ അനുകൂലിച്ചു. സ്ത്രീകൾക്കും പുരുഷൻമാർക്കും 21 ആയി നിശ്ചയിക്കണം എന്നാണ് നിലപാടെന്ന് ചിദംബരം ട്വിറ്ററിൽ കുറിച്ചു. ഇതിന്റെ ലക്ഷ്യത്തെക്കുറിച്ച് ഒരു വർഷം ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിനു ശേഷം 2023 മുതൽ ഇത് നടപ്പാക്കാം എന്നും ചിദംബരം പറയുന്നു.
ബില്ലിനോട് വിയോജിക്കുമ്പോഴും എതിർത്തു വോട്ടു ചെയ്യേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പം കോൺഗ്രസിലുണ്ട്. ഇടതുപക്ഷവും മുസ്ലിംലീഗും എസ്പിയും എംഐഎമ്മും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ മൗനം തുടരുകയാണ്. മുത്തലാഖ് ബിൽ വന്നപ്പോൾ ലോക്സഭയിൽ കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്ക്കരിച്ച ശേഷം രാജ്യസഭയിൽ എതിർത്ത് വോട്ട് ചെയ്തിരുന്നു. വിവാഹപ്രായം ഉയർത്താനുള്ള ബില്ലിന്റെ കാര്യത്തിൽ എല്ലാവരും എതിർത്ത് വോട്ടു ചെയ്യാൻ തയ്യാറാവില്ല എന്ന സൂചനയാണ് പി ചിദംബരത്തിന്റെ വാക്കുകളിലുള്ളത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam