Print this page

കനിവ് 108 ആംബുലൻസ് സേവനത്തിന് ഇനി മൊബൈൽ ആപ്പും ട്രയൽ റൺ ആരംഭിച്ചു

കനിവ് 108 ആംബുലൻസിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സജ്ജമാക്കിയ പുതിയ മൊബൈൽ അപ്ലിക്കേഷന്റെ ട്രയൽ റൺ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 108 ആംബുലൻസിന്റെ സേവനം മൊബൈൽ അപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന തരത്തിലാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. നിലവിൽ 108 എന്ന നമ്പരിലേക്ക് വിളിക്കുമ്പോൾ മാത്രമാണ് സേവനം ലഭിക്കുന്നത്. ട്രയൽ റൺ വിജയകരമാക്കി ജൂൺ മാസത്തിൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതോടെ മൊബൈൽ ആപ്പിലൂടെയും 108 ആംബുലൻസ് സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.


ജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കുന്നതിനായി മന്ത്രി വീണാ ജോർജിന്റെ നിർദേശാനുസരണമാണ് കനിവ് 108 ആംബുലൻസ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സേവനം തേടുന്ന വ്യക്തി അപ്ലിക്കേഷനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന വിവരങ്ങളുടേയും മൊബൈൽ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റേയും സഹായത്തോടെ അത്യാഹിതത്തിന്റേയും നടന്ന സ്ഥലത്തിന്റേയും കൃത്യമായ വിവരങ്ങൾ ആംബുലൻസിലേക്ക് കൈമാറാൻ സാധിക്കും. ഇതിലൂടെ ആംബുലൻസിന് വഴിതെറ്റാതെ കാലതാമസമില്ലാതെ എത്താൻ സാധിക്കും. മാത്രമല്ല സേവനം തേടിയയാൾക്ക് ആംബുലൻസ് വരുന്ന റൂട്ടും എത്താനെടുക്കുന്ന സമയവും തത്സമയം അറിയാൻ സാധിക്കും.


കനിവ് 108 അംബുലൻസിലെത്തുന്ന രോഗികൾക്ക് ആശുപത്രികളിൽ വളരെ വേഗം ചികിത്സ ഉറപ്പാക്കാനുള്ള ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റം നടപ്പിലാക്കി വരുന്നു. ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ഈ സംവിധാനം യാഥാർത്ഥ്യമാക്കി. 108 ആംബുലൻസിൽ ഒരു രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് വരുമ്പോൾ അതിന്റെ വിവരങ്ങൾ അത്യാഹിത വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിൽ തെളിയും. ഇതിലൂടെ രോഗിയെത്തുന്നതിന് മുമ്പ് തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കാൻ സാധിക്കുന്നു. ഈ സംവിധാനം എല്ലാ പ്രധാന ആശുപത്രികളിലും നടപ്പിലാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Rate this item
(0 votes)
Author

Latest from Author