Print this page

ഉയർന്ന ചൂട്: പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

By February 23, 2024 88 0
അന്തരീക്ഷ താപനില കൂടുതലായതിനാൽ പൊങ്കാലയിടുന്ന എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൂട് കൂടുതലായതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ, ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.


ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ


· കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

· നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക

· ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക

· തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജലീകരണം തടയും

· ശുദ്ധമായ ജലത്തിൽ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ഉപയോഗിക്കുക

· ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക

· ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക

· കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്. ഇടയ്ക്കിടെ കുടിക്കാൻ വെള്ളം നൽകണം

· സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കം വരുത്താതെ കഴിക്കുക

· കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ കയ്യിൽ കരുതണം

പൊള്ളൽ ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്

· തീ പിടിക്കുന്ന വിധത്തിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത്.

· ചുറ്റമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതെ സൂക്ഷിക്കണം.

· അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്ക്കരുത്

· തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം

· വസ്ത്രങ്ങളിൽ തീപിടിച്ചാൽ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടൻ തീ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയർമാരുടെ സഹായം തേടുക.

· തീപൊള്ളലേറ്റാൽ പ്രഥമ ശുശ്രൂഷ ചെയ്യണം

· പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം

· വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്

· പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്

· ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുക

· പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം

· ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകൾ കഴുകണം

· തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങി കഴിക്കരുത്.

· പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക

· മാലിന്യങ്ങൾ വലിച്ചെറിയരുത്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക.

Rate this item
(0 votes)
Last modified on Friday, 23 February 2024 17:04
Author

Latest from Author