Print this page

കാന്‍സര്‍ ചികിത്സയ്ക്ക് നവയുഗം: റോബോട്ടിക് സര്‍ജറി, ഡിജിറ്റല്‍ പത്തോളജി

A new era for cancer treatment: robotic surgery and digital pathology A new era for cancer treatment: robotic surgery and digital pathology
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ചികിത്സയുടെയും രോഗപ്രതിരോധത്തിന്റെയും പുതുയുഗത്തിന് ശക്തമായ അടിത്തറ പാകുന്ന മൂന്ന് സുപ്രധാന കാര്യങ്ങള്‍ക്ക് ആരംഭമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച 3 ശുപാര്‍ശകള്‍ക്ക് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ പണം അനുവദിക്കാന്‍ ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തിരുവനന്തപുരം ആര്‍സിസിയിലും എംസിസിയിലും റോബോട്ടിക് സര്‍ജറി സംവിധാനം (60 കോടി), ആര്‍സിസി, എംസിസി എന്നിവിടങ്ങളിലെ ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രങ്ങള്‍ (18.87 കോടി), ഏകാരോഗ്യവുമായി (വണ്‍ ഹെല്‍ത്ത്) ബന്ധപ്പട്ട ലാബ് സംവിധാനങ്ങളുടെ ശാക്തീകരണം, വിദ്യാഭ്യാസം, ഗവേഷണം (49.02കോടി) എന്നിവയ്ക്കാണ് അനുമതി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി
റോബോട്ടിക് സര്‍ജറി ഒരു പ്രത്യേക തരം മിനിമല്‍ ആക്‌സസ് ശസ്ത്രക്രിയയാണ്. ഇത് സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടു കൂടിയാണ് നടത്തുന്നത്. റോബോട്ടിക് ശസ്ത്രക്രിയ ഇന്ന് ശസ്ത്രക്രിയ മേഖലയില്‍ അത്യാധുനികമായ ചികിത്സാ രീതിയാണ്. ലാപ്രോസ്‌കോപ്പിക്ക് ശസ്ത്രക്രിയയില്‍ നിന്നും റോബോട്ടിക് ശസ്ത്രക്രിയ വ്യത്യസ്തമാക്കുന്നത് ഇതിന്റെ കൃത്യതയും ആയാസരഹിതമായ ശസ്ത്രക്രിയ സംവിധാനവും എന്നതാണ്.
വിവിധതരത്തിലുള്ള കാന്‍സറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം ഏറ്റവും നന്നായി കുറയ്ക്കാന്‍ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങള്‍.
റോബോട്ടിക് ശസ്ത്രക്രിയ കേരളത്തില്‍ ചില കോര്‍പ്പറേറ്റ് ആശുപത്രിയിലാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. എം.സി.സി, ആര്‍.സി.സി എന്നിവിടങ്ങളില്‍ ഈ അത്യാധുനിക ശസ്ത്രക്രിയ രീതി ലഭ്യമാക്കുന്നതോടെ സാധാരണക്കാര്‍ക്കും, പാവപ്പെട്ടവര്‍ക്കും ഇത് ഉപകാരപ്രദമാകും. ഇത് കേരളത്തിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റമായി മാറും എന്നതില്‍ സംശയമില്ല.
ഡിജിറ്റല്‍ പാത്തോളജി
ഡിജിറ്റല്‍ പാത്തോളജി സംവിധാനത്തില്‍ മൈക്രോസ്‌കോപ്പ് കോശങ്ങളെ വിശകലനം ചെയ്ത് ബയോപ്‌സി റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനത്തിന് ഉപരിയായി അവയെ ഡിജിറ്റലൈസ് ചെയ്തുകൊണ്ട് വലിയ സ്‌ക്രീനുള്ള മോണിറ്ററുകളില്‍ കോശങ്ങളെ വിശദമായി വിശകലനം ചെയ്യാന്‍ സാധിക്കുന്നു. ഈ സംവിധാനം പാത്തോളജിസ്റ്റുകളുടെ രോഗ നിര്‍ണയ കഴിവിന് ആക്കം നല്‍കുന്നതാണ്. പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനും, ഗവേഷണങ്ങള്‍ക്കും ഈ സംവിധാനം അത്യധികം ഉപകരിക്കും. എം.സി.സിയെയും ആര്‍സിസിയെയും ഡിജിറ്റല്‍ പത്തോളജിയെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുകയാണ്.
ഇതോടൊപ്പം തന്നെ ഈ സംവിധാനം ഉപയോഗിച്ച് നാല് ജില്ലകളിലെ റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുകയും, അവയെ എം.സി.സി.ലെയും, ആര്‍.സി.സി.യിലെയും പാത്തോളജി വിഭാഗങ്ങളുമായി ഡിജിറ്റല്‍ പാത്തോളജി സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്നതാണ്.
റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബുകളില്‍ വരുന്ന ബയോപ്‌സി, സൈറ്റോളജി എന്നീ ടെസ്റ്റുകള്‍ ഈ സംവിധാനത്തിലൂടെ ആര്‍.സി.സി, എം.സി.സിയിലെയും വിദഗ്ധ പാത്തോളജിസ്റ്റുകള്‍ക്ക് സെക്കന്റ് ഒപ്പീനിയന്‍ നല്‍കാന്‍ സാധിക്കും. ഈ ക്യാന്‍സര്‍ നിര്‍ണയ സംവിധാനം കേരള കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റര്‍ജി പ്രകാരം നടപ്പിലാക്കി വരുന്ന ഡിസ്ട്രിക്ട് ക്യാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാമിന് മുതല്‍ക്കൂട്ടാവുന്നതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam