Print this page

90 ശതമാനം ജനങ്ങള്‍ക്കും ആദ്യഡോസ് വാക്‌സിനേഷന്‍

covid 19 vaccine covid 19 vaccine
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളമായതായി (89.84) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2,39,95,651 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 37.35 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (99,75,323) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,39,28,182 ഡോസ് വാക്‌സിന്‍ നല്‍കാനായി. വയനാട് ജില്ല നേരത്തെ ലക്ഷ്യം കൈവരിച്ചിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകള്‍ ലക്ഷ്യത്തോടടുക്കുകയാണ്. വാകിനേഷന് ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഇനിയും വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. വാക്‌സിനേഷനോട് ആരും വിമുഖത കാണിക്കരുത്. വാക്‌സിന്‍ എടുക്കാത്തവരില്‍ മരണ നിരക്ക് വളരെ കൂടുതലാണ്. കോവിഡിനെതിരായ ജാഗ്രത ഇനിയും തുടരണം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കുറച്ച് കാലംകൂടി പൊതുപരിപാടികളും കൂടിച്ചേരലുകളും കഴിവതും ഒഴിവാക്കണം. രോഗലക്ഷണമില്ലാത്തവരായ രോഗികള്‍ 75 ശതമാനത്തോളും വരും. അതിനാല്‍ തന്നെ ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ എണ്ണം പരമാവധി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഡെങ്കിപ്പനിയില്‍ ആശങ്ക വേണ്ട. ഡെങ്കി 2 പുതിയതാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ഡെങ്കി 2 പുതിയ വകഭേദമല്ല. ഡെങ്കിപ്പനിയില്‍ 1, 2, 3, 4 എന്നിങ്ങനെ 4 ടൈപ്പുകളാണുള്ളത്. ഇന്ത്യയില്‍ കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഈ 4 വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കി രണ്ടിനാണ് ഗുരുതരാവസ്ഥ കൂടുതലുള്ളത്. 2017ല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനിയുടെ വ്യാപന സമയത്ത് ഡെങ്കി രണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. അതിന് ശേഷം സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതാണ്. സിറോ പ്രിവിലന്‍സ് സര്‍വേ റിപ്പോര്‍ട്ടിന്റെ ഫലം ഈ മാസം അവസാനത്തോടെ എത്തും. അതുംകൂടി വിലയിരുത്തുന്നതാണ്. 90 ശതമാനത്തിലധികം വാക്‌സിനെടുത്തവരില്‍ 18 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികളുമുണ്ട്. ഇനിയും വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam