Print this page

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം:കണ്ണിലെ കാന്‍സറിനുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയില്‍

Advancement in cancer treatment in the state: Comprehensive treatment system for eye cancer for the first time at MCC Advancement in cancer treatment in the state: Comprehensive treatment system for eye cancer for the first time at MCC
റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണിലെ കാന്‍സറിനുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയില്‍
എംസിസിയില്‍ ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനം
സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ആര്‍സിസിയില്‍ ലുട്ടീഷ്യം ചികിത്സ
തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (എംസിസി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാന്‍സര്‍ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തിരുവനന്തപുരം ആര്‍സിസിയില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു. നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ഈ രണ്ട് കാന്‍സര്‍ സെന്ററുകളിലും ഇവ യാഥാര്‍ത്ഥ്യമാക്കിയത്. സംസ്ഥാനത്തെ കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ അടുത്തിടെ സജ്ജമാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി 40 ലക്ഷത്തോളം ആളുകളില്‍ ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് നടത്തി. അതില്‍ 2.60 ലക്ഷം ആളുകളെയാണ് ഈ പോര്‍ട്ടല്‍ വഴി കാന്‍സര്‍ ക്ലിനിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ കണ്ണില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണില്‍ വരുന്ന കാന്‍സര്‍ ചികിത്സയാണ് എംസിസിയില്‍ സജ്ജമാക്കിയിരിക്കുന്നത്. കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെടാനിടയുള്ള ഈ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും കാഴ്ച്ചയും ജീവനും നിലനിര്‍ത്താന്‍ കഴിയും. നൂതന ചികിത്സാ സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് സംസ്ഥാനത്ത് ആദ്യമായി റെറ്റീനോ ബ്ലാസ്റ്റോമ സമഗ്ര ചികിത്സാ സംവിധാനം യാഥാര്‍ത്ഥ്യമാക്കിയത്. ഈ ചികിത്സയ്ക്കായി സംസ്ഥാനത്തിന് പുറത്തേയ്ക്കു പോയിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് ഇതോടെ ആശ്വാസമാകും. കുട്ടികളുടെ കാന്‍സര്‍ ചികിത്സയ്ക്കായി വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ തീര്‍ത്തും സൗജന്യമായി സമഗ്രമായ ചികിത്സ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ എംസിസിയില്‍ ഒരുക്കിയിട്ടുണ്ട്.
ലേസര്‍ ചികിത്സ, ക്രയോതെറാപ്പി തുടങ്ങിയ കണ്ണിലേക്ക് നേരിട്ട് നല്‍കുന്ന ചികിത്സയും കൂടാതെ ആവശ്യമായ സാഹചര്യങ്ങളില്‍ കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയുമാണ് ചികിത്സാ രീതി. സിസ്റ്റമിക് കീമോതെറാപ്പി, ഇന്‍ട്രാ ആര്‍ട്ടീരിയല്‍ കീമോതെറാപ്പി, ഇന്‍ട്രാവിട്രിയല്‍ കീമോതറാപ്പി, സബ്ടീനോണ്‍ കീമോതറാപ്പി എന്നിവയാണ് റെറ്റീനോ ബ്ലാസ്റ്റോമ ഭേദമാക്കാനുള്ള കീമോതെറാപ്പികള്‍.
എംസിസിയില്‍ ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തലച്ചോറിലെയും സുഷുമ്‌ന നാഡിയിലെയും കാന്‍സറിന്റെയും മറ്റു മുഴകളുടെയും ശസ്ത്രക്രിയ സംവിധാനമാണ് എംസിസിയില്‍ ആരംഭിച്ചത്. ഇതിനാവശ്യമുള്ള നൂതന സൗകര്യങ്ങള്‍ എംസിസിയില്‍ ഒരുക്കിയിട്ടുണ്ട്. ഈ ചികിത്സയ്ക്കായി ശ്രീചിത്ര തിരുനാള്‍ ആശുപത്രിയെയും മെഡിക്കല്‍ കോളേജുകളെയും ആശ്രയിച്ചിരുന്ന രോഗികള്‍ക്ക് ഇതേറെ ആശ്വാസം നല്‍കുന്നതാണ്. കുട്ടികള്‍ക്കായുള്ള മജ്ജ മാറ്റിവക്കല്‍ ചികിത്സ, ലിംബ് സാല്‍വേജ് ശസ്ത്രക്രിയ, ബ്രെയിന്‍ ട്യൂമര്‍ സര്‍ജറി, ചികിത്സാനുബന്ധ പുനരധിവാസം (റീഹാബിലിറ്റേഷന്‍) എന്നീ സൗകര്യങ്ങളും എംസിസിയില്‍ ലഭ്യമാണ്.
ആര്‍സിസിയിലെ ന്യൂക്ലിയര്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റിലാണ് ലുട്ടീഷ്യം ചികിത്സ ആരംഭിച്ചത്. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറുകളുടെ ചികിത്സയ്ക്കാണ് ലുട്ടീഷ്യം ചികിത്സ സജ്ജമാക്കിയിരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായിട്ടാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇതിനോടനുബന്ധിച്ചുള്ള ഗാലിയം ജനറേറ്റര്‍ ഈ മാസം അവസാനം ആര്‍സിസിയില്‍ കമ്മീഷന്‍ ചെയ്യും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam