Print this page

എസ്.എ.ടി.യിൽ കുട്ടികൾക്ക് പുതിയ തീവ്രപരിചരണ വിഭാഗം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണത്തിനായി സജ്ജമാക്കിയ ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 25ന)് രാവിലെ 10 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. 24 ഐസിയു കിടക്കകളും 8 ഹൈഡെപ്പന്റൻസി യൂണിറ്റ് കിടക്കകളും ഉൾപ്പെടെ ആകെ 32 ഐസിയു കിടക്കകളാണ് പീഡിയാട്രിക് വിഭാഗത്തിൽ സജ്ജമാക്കിയിരിക്കുന്നത്. 10 വെന്റിലേറ്ററുകൾ, 6 നോൺ ഇൻവേസീവ് ബൈപാസ് വെന്റിലേറ്ററുകൾ, 2 പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ, 3 ഡിഫിബ്രിലേറ്ററുകൾ, 12 മൾട്ടിപാര മോണിറ്ററുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയും പുതുതായി സജ്ജമാക്കിയിട്ടുണ്ട്. 98 ലക്ഷം രൂപ ചെലവഴിച്ചുള്ളതാണ് ഈ ഐസിയു സംവിധാനം.

എസ്.എ.ടി. ആശുപത്രിയിലെ പുതിയ പീഡിയാട്രിക് ഐസിയു കുട്ടികളുടെ തീവ്രപരിചരണത്തിൽ വളരെയേറെ സഹായിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 18 കിടക്കകളുള്ള അത്യാധുനിക ഉപകരണങ്ങളോട് കൂടിയ പീഡിയാട്രിക് ഐസിയുവാണുള്ളത്. ഇതുകൂടാതെയാണ് പുതുതായി 32 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു സജ്ജമായത്. ഇതോടെ 50 പീഡിയാട്രിക് ഐസിയു കിടക്കകളാണ് എസ്.എ.ടി. ആശുപത്രിയ്ക്ക് സ്വന്തമാകുന്നത്. ഇതുകൂടാതെ നവജാതശിശു വിഭാഗത്തിൽ 54 ഐസിയു കിടക്കകളുമുണ്ട്. നെഗറ്റീവ് പ്രഷർ സംവിധാനവും പുതിയ ഐസിയുവിലുണ്ട്. കോവിഡ് പോലെയുള്ള വായുവിൽ കൂടി പകരുന്ന പകർച്ചവ്യാധികൾ വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തിൽ നെഗറ്റീവ് പ്രഷർ സംവിധാനമുള്ള തീവ്രപരിചരണ വിഭാഗം രോഗീ പരിചരണത്തിൽ ഏറെ സഹായിക്കും. ഈ ഐസിയുവിൽ ഇന്റൻസീവ് റെസ്പിറേറ്ററി കെയറിനായിരിക്കും മുൻഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയാണ് എസ്.എ.ടി. ആശുപത്രി. പ്രതിദിനം ആയിരത്തിലധികം രോഗികൾ ഈ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നു. പ്രതിവർഷം പതിനായിരത്തിൽപരം കുഞ്ഞുങ്ങളാണ് ഇവിടെ ജനിക്കുന്നത്. കേരളത്തിന് പുറമേ തമിഴ്നാട്ടിൽ നിന്നും സ്ത്രീകളും കുട്ടികളും വിദഗ്ധ ചികിത്സയ്ക്കായ് എത്തുന്ന പ്രധാന ആശുപത്രി കൂടിയാണ് എസ്.എ.ടി.

എസ്.എ.ടി. ആശുപത്രിയുടെ സമഗ്ര വികസനത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. മെഡിക്കൽ കോളേജിന്റെ 717.29 കോടി രൂപയുടെ മാസ്റ്റർപ്ലാനിന്റെ ഭാഗമായി എസ്.എ.ടി.യിൽ പുതിയ ബ്ലോക്കും കൂടുതൽ സൗകര്യങ്ങളും ലഭ്യമാകുന്നതാണ്. സർക്കാർ മേഖലയിൽ ആദ്യത്തെ എസ്.എം.എ. (സ്പൈനൽ മസ്‌കുലാർ അട്രോഫി) ക്ലിനിക് ആരംഭിച്ചത് ഇവിടെയാണ്. പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ ദിവസം 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷേറ്റീവ് അംഗീകാരം എസ്.എ.ടി. ആശുപത്രി നേടിയിട്ടുണ്ട്.
Rate this item
(0 votes)
Author

Latest from Author