Print this page

എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍: മുഖ്യമന്ത്രി

Cancer Early Diagnosis Clinics One Day a Week in All Hospitals: CM Cancer Early Diagnosis Clinics One Day a Week in All Hospitals: CM
സര്‍ക്കാര്‍ ആരോഗ്യ മേഖലയെ സവിശേഷ ശ്രദ്ധയോടെ കാണുന്നു
തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും. കാന്‍സര്‍ സെന്ററുകളെയും മെഡിക്കല്‍ കോളേജുകളെയും ജില്ലാ, ജനറല്‍ താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവുന്നത്. കാന്‍സര്‍ ബോധവത്ക്കരണ പരിപാടികളും ഗൃഹസന്ദര്‍ശനങ്ങളും വിവരശേഖരണവും എല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.
ആരോഗ്യരംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ മുന്‍നിരയിലാണ് കേരളം. വിവര വിനിമയ സാങ്കേതികവിദ്യ ആരോഗ്യമേഖലയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഇ-കേരള ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ എന്ന പുതിയ പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചികിത്സാരംഗത്ത് നാം കൈവരിച്ച നേട്ടങ്ങളും മറ്റും ഇത്തരത്തില്‍ ജീവിതശൈലീ രോഗങ്ങളുടെ സാന്നിദ്ധ്യം കാരണം പിന്നോട്ടടിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്. അത് മുന്നില്‍ കണ്ടുകൊണ്ടാണ് വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ 30 വയസ്സിനു മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജീവിതശൈലീ രോഗങ്ങള്‍ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ സംബന്ധിച്ചും വിവരശേഖരണം നടത്താന്‍ ആശാ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഓരോ നിയോജക മണ്ഡലത്തിലെയും ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പദ്ധതി നടപ്പിലാക്കുക. അതിനുശേഷം ഘട്ടംഘട്ടമായി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
ജന്തുജന്യ രോഗങ്ങള്‍ വലിയ തരത്തിലുള്ള ഭീഷണിയാണ് മാനവരാശിക്ക് ഉണ്ടാക്കുന്നത്. ജന്തുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന സംഭവങ്ങള്‍ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള അവസരമൊരുക്കുകയാണ് 'വണ്‍ ഹെല്‍ത്ത്' പദ്ധതിയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടം കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ആരംഭിക്കുന്നത്. ജന്തുജന്യ രോഗങ്ങളുടെ നിയന്ത്രണത്തിലും വലിയ തോതിലുള്ള ജനപങ്കാളിത്തത്തോടെയുള്ള ഇടപെടലുകള്‍ സാധ്യമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam