Print this page

ആദിവാസി മേഖലയിലെ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്ധ പരിശീലനം

Specialist training for holistic health development in tribal areas Specialist training for holistic health development in tribal areas
ഉപകേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുള്ള ആദ്യഘട്ട പരിശീലനം അട്ടപ്പാടിയില്‍
തിരുവനന്തപുരം: ആദിവാസി മേഖലകളിലെ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്ധ പരിശീലനം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലകളിലെ എല്ലാ ഉപകേന്ദ്രങ്ങളുടേയും ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവരവരുടെ മേഖലയില്‍ കണ്ടുവരുന്ന തനതായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂട്ടായ്മയിലൂടെ പരിഹരിക്കാനുള്ള നൈപുണ്യ വികസനമാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ആദിവാസി മേഖലയിലെ ഒരു ഉപകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പരിശീലനം നല്‍കുക. ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രധാന പ്രവര്‍ത്തകരായ ജെപിഎച്ച്‌ഐ, ജെപിഎച്ച്എന്‍, എംഎല്‍എസ്പി, ആശാവര്‍ക്കര്‍മാര്‍, ട്രൈബല്‍ പ്രമോട്ടന്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയ എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.
ഇതിന്റെ ആദ്യഘട്ടമായി പാലക്കാട് അട്ടപ്പാടി മേഖലയിലെ പരിശീലന പരിപാടി ആരംഭിച്ചു. അട്ടപ്പാടി ബ്ലോക്കിലെ 28 ഉപകേന്ദ്രങ്ങളുടെ ശാക്തീകരണത്തിന് ഉതകുന്ന പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 28 സബ് സെന്ററുകളിലായി 450 ഓളം ജീവനക്കാരേയും ജനപ്രതിനിധികളേയും പരിശീലിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 220 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള വിദഗ്ധ പരിശീലകരാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.
സംസ്ഥാനത്ത് ആദിവാസി മേഖലയില്‍ മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 8 വീതം സ്ഥിരം തസ്തികകള്‍ അനുവദിക്കുകയും ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു.
അട്ടപ്പാടിയില്‍ മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തി അട്ടപ്പാടിയ്ക്കായി സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാതൃശിശു മരണങ്ങള്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയും പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് വേണ്ടിയും സമൂഹത്തിന്റെ ഇടപെടല്‍ കൂടുതലായി കൊണ്ടുവരുന്നതിന് വേണ്ടി അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, അഭ്യസ്ഥവിദ്യരായ സ്ത്രീകള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് 175 അങ്കണവാടികളുമായി ബന്ധപ്പെട്ട് 'പെന്‍ട്രിക കൂട്ട' എന്ന പേരില്‍ ഓരോ അങ്കണവാടികളുടേയും കീഴില്‍ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കി. അട്ടപ്പാടി മേഖലയിലെ 28 സബ് സെന്ററുകളും ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി മാറ്റാന്‍ നടപടികള്‍ കൈക്കൊണ്ടു വരുന്നു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി വിവിധ പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam