Print this page

ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് ആശങ്ക വേണ്ട, ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

No need to worry about hand-foot-mouth disease: Minister Veena George No need to worry about hand-foot-mouth disease: Minister Veena George
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും രോഗത്തെപ്പറ്റി അവബോധം ഉണ്ടായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുവില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂര്‍വമായി ഈ രോഗം മുതിര്‍ന്നവരിലും കാണാറുണ്ട്. ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകാം. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികള്‍ക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണം. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്താണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്?
കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. ഈ രോഗം തക്കാളിപ്പനി എന്ന പേരിലും അറിയപ്പെടാറുണ്ട്.
രോഗ ലക്ഷണങ്ങള്‍
പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാല്‍വെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാല്‍മുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ശക്തമായ തുടര്‍ച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.
രോഗപ്പകര്‍ച്ച
രോഗബാധിതരില്‍ നിന്നും നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗം ബാധിച്ച കുഞ്ഞുങ്ങളില്‍ നിന്ന് മൂക്കിലേയും തൊണ്ടയിലെയും സ്രവം വഴിയോ, ഉമിനീര്‍, തൊലിപ്പുറമെയുള്ള കുമിളകളില്‍ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പര്‍ക്കം വഴിയോ മറ്റൊരാളിലേക്ക് പകരുന്നു. രോഗികളായ കുഞ്ഞുങ്ങള്‍ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും രോഗം പകരാം.
ചികിത്സ
സാധാരണഗതിയില്‍ ഒരാഴ്ച മുതല്‍ പത്ത് ദിവസം കൊണ്ട് രോഗം പൂര്‍ണമായും മാറും. രോഗം വന്ന് കഴിഞ്ഞാല്‍ ലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സിക്കുന്നത്. കുഞ്ഞിന്റെ അസ്വസ്ഥത കുറയ്ക്കുന്നതിനും രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.
പരിചരണം
രോഗം വന്ന കുഞ്ഞുങ്ങളുടെ ശരീരം എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. കുളിപ്പിക്കുമ്പോള്‍ തേച്ചുരച്ച് കുമിള പൊട്ടിക്കരുത്. വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുക്കാം. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. ദേഹത്തു വരുന്ന കുരുക്കള്‍ ചൊറിഞ്ഞുപൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ മറ്റു കുട്ടികള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്.
പ്രതിരോധം
മലമൂത്ര വിസര്‍ജനത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകള്‍ നന്നായി സോപ്പുപയോഗിച്ച് കഴുകാന്‍ കുട്ടികളെ പഠിപ്പിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍, വൈറസ് പടരാതിരിക്കാന്‍ മൂക്കും വായും മൂടുകയും ഉടന്‍ കൈ കഴുകഴുകയും വേണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവര്‍ തൊടുന്നതിന് മുന്‍പും ശേഷവും കൈ സോപ്പിട്ട് കഴുകുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയും. രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്‌കൂളുകളിലും വിടരുത്. വീട്ടിലെ മറ്റ് കുട്ടികളുമായുള്ള ഇടപെടല്‍ ഈ കാലയളവില്‍ ഒഴിവാക്കുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam