Print this page

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജം

Thiruvananthapuram Medical College ready for liver transplant surgery Thiruvananthapuram Medical College ready for liver transplant surgery
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ മെഡിക്കല്‍ കോളേജ് ട്രാന്‍സ്പ്ലാന്റ് ടീം ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസത്തില്‍ നടന്ന ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു.
മന്ത്രിയുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആദ്യഘട്ടമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കൂടാതെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പ്രാവര്‍ത്തികമാക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുകയും അതിന്റെ ഭാഗമായി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുകയും ചെയ്തു.
ഈ ആക്ഷന്‍ പ്ലാന്‍ പ്രകാരം തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് സമയബന്ധിതമായി സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണര്‍ ഐസിയു കൂടാതെ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ മാനദണ്ഡങ്ങള്‍ പ്രകാരം സജ്ജമാക്കി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ലൈസന്‍സ് ലഭ്യമായി. മതിയായ ജീവനക്കാരെ വിന്യസിച്ച് പരിശീലനം പൂര്‍ത്തിയാക്കി വരുന്നു. കൂടുതല്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം തുടരുന്നതാണ്.
സ്വീകര്‍ത്താക്കളുടെ വിശദമായ ടെസ്റ്റുകളും മറ്റും പുരോഗമിക്കുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷം ട്രാന്‍സ്പ്ലാന്റേഷന് യോഗ്യരായ രോഗികളെ രജിസ്റ്റര്‍ ചെയ്യും. അനുയോജ്യമായ ദാതാവിനെ ലഭിക്കുന്ന മുറയ്ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പ്രക്രിയ ആരംഭിക്കുന്നതാണ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ടീം അംഗങ്ങള്‍ക്ക് മന്ത്രി എല്ലാ ആശംസകളും നല്‍കി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, സൂപ്രണ്ട് ഡോ. നിസാറുദീന്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. രമേഷ് രാജന്‍, ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസ്, അനസ്തീഷ്യാ വിഭാഗം മേധാവി, ഡോ. ലിനറ്റ് മോറിസ്, കെ. സോട്ടോ എക്‌സി. ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ഇന്റന്‍സിവിസ്റ്റ് ഡോ. അനില്‍ സത്യദാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam