Print this page

വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണാ ജോര്‍ജ്

State-wide free dialysis scheme at home: Minister Veena George State-wide free dialysis scheme at home: Minister Veena George
തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. 92 ആശുപത്രികളിലായി പ്രതിമാസം 40,000ത്തോളം രോഗികള്‍ക്കാണ് ഈ കേന്ദ്രങ്ങളിലൂടെ ഹീമോഡയാലിസിസ് നല്‍കി വരുന്നു. ഇതുകൂടാതെ 10 മെഡിക്കല്‍ കോളേജുകള്‍ മുഖേന 10,000ത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളില്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രക്രിയയാണ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് പെരിറ്റോണിയല്‍ ഡയാലിസിസ്?

രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയല്‍ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തി വിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. എന്നാല്‍ പെരിറ്റോണിയല്‍ ഡയാലിസിസ് രോഗിയുടെ ഉദരത്തില്‍ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റര്‍ കടത്തി വിടുകയും ഉദരത്തിനുള്ളില്‍ (പെരിറ്റോണിയം) പെരിറ്റോണിയല്‍ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്. ഒരിക്കല്‍ കത്തീറ്റര്‍ പ്രവേശിപ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് രോഗിക്ക് വീട്ടില്‍ വെച്ചുന്നെ തന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തില്‍ നിറയ്ക്കാന്‍ സാധിക്കുന്നതാണ്. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങള്‍ ഈ പെരിറ്റോണിയല്‍ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു.

ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഈ പ്രക്രിയ രോഗിയുടെ അസുഖത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ദിവസം രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കേണ്ടി വരും. ഇതിലൂടെ ഹീമോഡയാലിസിസില്‍ നിന്ന് ലഭിക്കുന്ന അതേ പ്രയോജനം തന്നെ രോഗിക്ക് ലഭിക്കുന്നു. ചികിത്സിക്കുന്ന വൃക്കരോഗ വിദഗ്ദ്ധനാണ് ഒരു രോഗിക്ക് ഹീമോഡയാലിസിസ് വേണമോ പെരിറ്റോണിയല്‍ ഡയാലിസിസ് വേണമോ എന്ന് നിശ്ചയിക്കുന്നത്.

എല്ലാം സൗജന്യമായി നല്‍കുന്നു

പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റര്‍, അനുബന്ധ സാമഗ്രികള്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി നല്‍കുന്നു. നെഫ്രോളജിസ്റ്റുകള്‍ ഉള്ള ആശുപത്രികളില്‍ കത്തീറ്റര്‍ നിക്ഷേപിപ്പിക്കുന്നതും പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കുന്നതും അതാത് ആശുപത്രികളില്‍ തന്നെയായിരിക്കും. നെഫ്രോളജിസ്റ്റുകള്‍ ഇല്ലാത്ത ജില്ലാ ആശുപത്രികളില്‍ അടുത്തുള്ള മെഡിക്കല്‍ കോളേജുകളില്‍ കത്തീറ്റര്‍ നിക്ഷേപിച്ച ശേഷം തുടര്‍ ചികിത്സയാണ് ജില്ലാ ആശുപത്രികളില്‍ നല്‍കി വരുക. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആരോഗ്യവകുപ്പ് പരിശീലനം നല്‍കുന്നതാണ്. ഒരിക്കല്‍ കത്തീറ്റര്‍ നിക്ഷേപിച്ച് കഴിഞ്ഞാല്‍ രോഗിക്ക് പിന്നീട് ആശുപത്രിയില്‍ വരാതെ തന്നെ വീട്ടില്‍ വച്ച് പെരിറ്റോണിയല്‍ ഡയാലിസിസ് നടത്താവുന്നതാണ്.

എവിടെയെല്ലാം സേവനം ലഭിക്കും
തിരുവനന്തപുരം ജനറല്‍ ആശുപത്രി (ഡോ. ലിജി. ആര്‍), കൊല്ലം ജില്ലാ ആശുപത്രി (ഡോ. സൗമ്യ), ആലപ്പുഴ ജനറല്‍ ആശുപത്രി (ഡോ. ഷബീര്‍), എറണാകുളം ജനറല്‍ ആശുപത്രി (ഡോ. സന്ദീപ് ഷേണായി), തൃശൂര്‍ ജനറല്‍ ആശുപത്രി (ഡോ. രമ്യ), പാലക്കാട് ജില്ലാ ആശുപത്രി (ഡോ. കൃഷ്ണദാസ്), മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി (ഡോ. അബ്ദുള്ള), കോഴിക്കോട് ജനറല്‍ ആശുപത്രി (ഡോ. ഷാനു പിഎം), വയനാട് ജില്ലാ ആശുപത്രി മാനന്തവാടി (ഡോ. സോണി), കണ്ണൂര്‍ ജില്ലാ ആശുപത്രി (ഡോ. റോഹിത് രാജ്), കാസര്‍ഗോഡ് ജനറല്‍ ആശുപത്രി (ഡോ. കുഞ്ഞിരാമന്‍) (ഉടന്‍ പ്രവര്‍ത്തന സജ്ജമാകുന്നതാണ്).
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam