Print this page

രോഗ പ്രതിരോധത്തില്‍ സിദ്ധയുടെ പങ്ക് ശ്രദ്ധേയം: മന്ത്രി വീണാ ജോര്‍ജ്

siddha-s-role-in-disease-prevention-is-noteworthy-minister-veena-george siddha-s-role-in-disease-prevention-is-noteworthy-minister-veena-george
തിരുവനന്തപുരം: കോവിഡ് മഹാമാരി വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഇക്കാലത്ത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് രോഗവ്യാപനം തടയുക എന്ന സിദ്ധ ചികിത്സാ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിന് വളരെയധികം പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം കോവിഡിന് പ്രത്യേകമായ പ്രോട്ടോകോള്‍ തന്നെ സിദ്ധ വിഭാഗത്തിന്റെതായി നിലവിലുണ്ട്. കോവിഡ് വ്യാപന സമയത്ത് ആയുര്‍വേദത്തിലെയും സിദ്ധയിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ആയുര്‍വേദ കോവിഡ് 19 റെസ്‌പോണ്‍സ് സെല്ലുകള്‍ ആരംഭിച്ചു. ഇക്കാലത്ത് വിവിധ സിദ്ധ സ്ഥാപനങ്ങള്‍ വഴി രണ്ടര ലക്ഷത്തോളം ആളുകള്‍ക്ക് സേവനം നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
'പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സിദ്ധ ഔഷധങ്ങളുടെ പ്രസക്തി' എന്നതാണ് ഈ വര്‍ഷത്തെ സിദ്ധ ദിനാചരണ സന്ദേശം. ഭാരതത്തിന്റെ തനതു ചികിത്സാ ശാസ്ത്രങ്ങളില്‍ ഏറ്റവും പൗരാണികമായ ചികിത്സാ ശാസ്ത്രമാണ് സിദ്ധ. കേരളത്തിന്റെ തനതായ ചികിത്സാ പദ്ധതികളില്‍ ഈ ചികിത്സാ പാരമ്പര്യം വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിദ്ധ ചികിത്സാ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന അഗസ്ത്യ മഹര്‍ഷിയുടെ ജന്മദിനമാണ് ദേശീയ തലത്തില്‍ സിദ്ധ ദിനമായി ആചരിക്കുന്നത്.
സംസ്ഥാനത്തിപ്പോള്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ഒരു സിദ്ധ ആശുപത്രി തിരുവനന്തപുരം വള്ളക്കടവിലും 8 സിദ്ധ ഡിസ്‌പെന്‍സറികള്‍ വിവിധ ജില്ലകളിലും പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ നിലവില്‍ 8 ജില്ലാ ആയുര്‍വേദ ആശുപത്രികളിലും സിദ്ധ ചികിത്സാ സംവിധാനം പുതുതായി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 29 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ 'മകളിര്‍ ജ്യോതി' എന്ന പേരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ചികിത്സാ പദ്ധതി ആറ് യൂണിറ്റുകളിലായി പ്രവര്‍ത്തിച്ചുവരുന്നു. ഈ മേഖലയുടെ പ്രാധാന്യം സര്‍ക്കാരിന്റെ മുഖ്യ പരിഗണനയില്‍ തന്നെയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടൊപ്പം ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി പൊതുജനങ്ങള്‍ക്കായി തയ്യാറാക്കിയ 'സിദ്ധ ചികിത്സ ആമുഖം' എന്ന ബുക്ക്‌ലെറ്റിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത് ബാബു, ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഡോ. എ. കനകരാജന്‍, ഡോ. വി.എ. രാഹുല്‍, ഡോ. പി.ആര്‍. സജി, ഡോ. ഷൈജു എന്നിവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Friday, 24 December 2021 12:20
Pothujanam

Pothujanam lead author

Latest from Pothujanam