Print this page

'ഡീയസ് ഈറേ'; 80 കോടി കടന്ന് ആഗോള കളക്ഷന്‍

മോളിവുഡില്‍ ഹൊറര്‍ ജോണറിന് പുതുകാലത്ത് പുതിയ ഭാവുകത്വം പകര്‍ന്ന സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ഭൂതകാലവും തിയറ്ററുകളില്‍ കൈയടി നേടിയ ഭ്രമയുഗത്തിനും ശേഷം അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ഡീയസ് ഈറേ. രാഹുല്‍ സദാശിവന്‍റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നു എന്നതും ചിത്രത്തിന്‍റെ യുഎസ്‍പി ആയിരുന്നു. ഹാലൊവീന്‍ റിലീസ് ആയി ഒക്ടോബര്‍ 31 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയ ചിത്രം ബോക്സ് ഓഫീസില്‍ മൂന്നാം വാരത്തിലും ചലനമുണ്ടാക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രണവ് മോഹന്‍ലാലിന് ഹാട്രിക് 50 കോടി ക്ലബ്ബ് എന്‍ട്രി നേടിക്കൊടുത്ത ചിത്രമായി ഡീയസ് ഈറേ നേരത്തേ മാറിയിരുന്നു. ഇപ്പോഴിതാ 18 ദിവസത്തെ കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 80 കോടി കടന്നിരിക്കുകയാണ് ചിത്രം. കേരളത്തില്‍ നിന്ന് 36.30 കോടി നേടിയ ചിത്രം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 10.80 കോടിയും നേടി. 33 കോടിയാണ് വിദേശത്തുനിന്നുള്ള നേട്ടം.
തുടര്‍ച്ചയായ രണ്ടാം ചിത്രവും 80 കോടി കടന്നു എന്നത് പ്രണവിന് നേട്ടമാണ്. കഴിഞ്ഞ വര്‍ഷത്തെ ഓണം റിലീസ് ആയി എത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു പ്രണവിന്‍റെ അവസാന റിലീസ്. അതേസമയം വരുന്ന വാരാന്ത്യത്തിലും ഡീയസ് ഈറേ ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. മികച്ച പ്ലാനിംഗോടെയുള്ള ഡിസ്ട്രിബ്യൂഷനും റിലീസുമായിരുന്നു ചിത്രത്തിന്‍റേത്. ആദ്യ വാരത്തിന് ശേഷവും വിദേശ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ ചിത്രത്തിന് മികച്ച സ്ക്രീന്‍ കൌണ്ട് ഉണ്ടായിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam