Print this page

അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്ന് നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂളും പോളിടെക്‌നിക്കും

By October 31, 2022 244 0
തിരുവനന്തപുരം: നെടുമങ്ങാട് മേഖലയിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് പൊന്‍തിളക്കവുമായി മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളും നെടുമങ്ങാട് പോളിടെക്‌നിക് കോളേജും. വിദ്യാലയങ്ങളില്‍ 13.12 കോടി ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില കെട്ടിടങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.


സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവ് വിവിധ മേഖലകളില്‍ പ്രാവര്‍ത്തികമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, സംരംഭങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ തൊഴില്‍ ദാതാക്കളായി മാറ്റുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായ ചടങ്ങില്‍ ജി. സ്റ്റീഫന്‍ എം. എല്‍. എ വിശിഷ്ടാതിഥിയായി.


ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികള്‍, നാല് പ്രാക്ടിക്കല്‍ ക്ലാസ് മുറികള്‍, എഞ്ചിനീയറിംഗ് ഡ്രോയിംഗ് ഹാള്‍, കമ്പ്യൂട്ടര്‍ കാഡ് ലാബ്, സൂപ്രണ്ട് റൂം, സ്റ്റാഫ് റൂമുകള്‍, സൂപ്രണ്ടിന്റെ കാര്യാലയം, സ്വീകരണമുറി, കുട്ടികള്‍ക്കായി ചേഞ്ചിംഗ് റൂമുകള്‍, മിനി സെമിനാര്‍ ഹാള്‍, വിശാലമായ അകത്തളം, ലോബി, സ്റ്റോര്‍ മുറി, ലിഫ്റ്റ് ക്രമീകരണത്തിനുളള സംവിധാനം, ശുദ്ധജല സംഭരണികള്‍, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആറുകോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. പോളിടെക്‌നിക് കോളേജില്‍ 6.5 കോടി രൂപയ്ക്കാണ് മൂന്നാം നില നിര്‍മ്മിച്ചത്. കൂടാതെ 62 ലക്ഷം രൂപയ്ക്ക് പ്രാക്ടിക്കല്‍ സെക്ഷനുവേണ്ടി പുതിയ വര്‍ക്ക്ഷോപ്പും നിര്‍മ്മിച്ചിട്ടുണ്ട്. അറുന്നൂറോളം വിദ്യാത്ഥികളാണ് പോളിടെക്‌നിക്കില്‍ പഠിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാരെയും, പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.
Rate this item
(0 votes)
Author

Latest from Author