Print this page

ഫെഡറല്‍ ബാങ്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Applications are invited for Federal Bank Scholarship Applications are invited for Federal Bank Scholarship
കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകനായ കെ പി ഹോര്‍മിസിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പിന് യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
എംബിബിഎസ്, എന്‍ജിനീയറിംഗ്, ബിഎസ് സി നഴ്സിംഗ്, എംബിഎ എന്നിവ കൂടാതെ കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള ബിഎസ് സി അഗ്രികള്‍ചര്‍, ബിഎസ്സി (ഓണേഴ്സ്) കോ-ഓപറേഷന്‍ & ബാങ്കിംഗ് വിത്ത് അഗ്രികള്‍ച്ചര്‍ സയന്‍സസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ കോളെജുകളില്‍ 2022-2023 അധ്യയന വര്‍ഷം മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയരുത്. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് വാര്‍ഷിക വരുമാന വ്യവസ്ഥ ബാധകമല്ല.
കേരളം, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭ്യമാക്കിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പായി അനുവദിക്കും. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ കോഴ്സിലും ഒരു സ്കോളര്‍ഷിപ്പ് മാറ്റിവച്ചിട്ടുണ്ട്. കാഴ്ച, കേള്‍വി, സംസാരം എന്നിവയില്‍ പ്രയാസം നേരിടുന്നവരെ പ്രത്യേക വിഭാഗമായി പരിഗണിക്കുന്നതാണ്. പ്രസ്തുത അപേക്ഷകര്‍ ഡിഎംഒ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെയോ ബാങ്ക് അംഗീകരിച്ച മെഡിക്കല്‍ ഓഫീസറുടെയോ സാക്ഷ്യപത്രം തെളിവായി നല്‍കേണ്ടതാണ്. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അഭാവത്തില്‍ ഈ സ്കോളര്‍ഷിപ്പ് പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തും.
ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, തുടങ്ങിയ മേഖലകളെ സ്പര്ശിക്കുന്നതാണ് ഫെഡറല്‍ ബാങ്കിന്‍റെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍. സഹായം ആവശ്യമുള്ള ജനവിഭാഗങ്ങളെ പിന്തുണയ്ക്കുക എന്നത് ബാങ്കിന്‍റെ അടിസ്ഥാനമൂല്യങ്ങളിലൊന്നാണ്. വിദ്യാഭ്യാസ ചെലവു താങ്ങാന്‍ പ്രാപ്തിയില്ലാത്ത വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം തൊഴില്‍ പരിശീലനം എന്നിവ നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്ക് മുന്തിയ പരിഗണനയാണ് നല്‍കി വരുന്നത്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി കഴിഞ്ഞ 17 വര്‍ഷത്തിലേറെയായി സ്കോളര്‍ഷിപ്പു നല്‍കിവരുന്നുണ്ട് . കോഴ്സ് പൂര്‍ത്തിയാക്കാനും ഇഷ്ട ജോലി കണ്ടെത്താനും ബാങ്കിന്‍റെ പിന്തുണ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നു,' ഫെഡറല്‍ ബാങ്ക് പ്രസിഡന്‍റും ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറുമായ അജിത് കുമാര്‍ കെ കെ പറഞ്ഞു
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി 2022 ഡിസംബര്‍ 31. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക: https://www.federalbank.co.in/corporate-social-responsibility
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam