Print this page

പാഠ്യപദ്ധതി പരിഷ്കരണം: ജനകീയ ചർച്ചകൾക്ക് ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളും സ്കൂൾ തല സമിതികളും ചുക്കാൻ പിടിക്കും;തീരുമാനം മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ

By September 28, 2022 307 0
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ജനകീയ ചർച്ചകൾക്ക് തുടക്കം കുറിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടർമാരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മേധാവികളുടെയും യോഗം വിളിച്ചു ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ് ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ ഐ എ എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ജനകീയ ചർച്ചകൾക്ക് ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളും സ്കൂൾ തല സമിതികളും ചുക്കാൻ പിടിക്കും.

ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജില്ലാതല സംഘാടക സമിതി യോഗം ചേരും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കാണ് സംഘാടന ചുമതല. ബ്ലോക്ക് /ബി ആർ സി തല സംഘാടക സമിതിയുടെ ചെയർപേഴ്സൺ സ്ഥാനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റിന് ആണ്. പഞ്ചായത്ത്‌, മുനിസിപ്പൽ, കോർപ്പറേഷൻ വിദ്യാഭ്യാസ സമിതികളുടെ യോഗങ്ങൾ ചേരേണ്ടത് അതത് വിദ്യാഭ്യാസ സമിതികളുടെ നേതൃത്വത്തിലാണ്. സ്കൂൾതല സംഘാടക സമിതിയുടെ നേതൃത്വം സ്കൂൾ പി ടി എയ്ക്കാണ്.
ജനകീയ ചർച്ച റിസോഴ്സ് ഗ്രൂപ്പ് പരിശീലനത്തിനായി സംസ്ഥാനതല ശില്പശാലയിൽ ഉണ്ടാകുന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലും ആ ജില്ലയിലെ വിദ്യാലയങ്ങൾ, പഞ്ചായത്ത്/ മുൻസിപ്പാലിറ്റികൾ/ കോർപ്പറേഷൻ/ ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയുടെ റിസോഴ്സ് ഗ്രൂപ്പ് രൂപീകരിക്കണം. സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് ജില്ല, ബ്ലോക്ക്തല പരിശീലന പരിപാടികൾ നടത്തണം. വിദ്യാലയങ്ങൾ ഏറെയുള്ള ഇടങ്ങളിൽ പഞ്ചായത്ത് തല പരിശീലന പരിപാടികളും ആസൂത്രണം ചെയ്യണം. എല്ലാ തലത്തിലും നടക്കുന്ന ജനകീയ ചർച്ചകളിൽ പരിശീലകരുടെ പങ്കാളിത്തം ഉറപ്പാക്കണം.

സ്കൂൾതല ജനകീയ ചർച്ചയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള കരട് രേഖ ചർച്ച ചെയ്യണം. സ്കൂൾതല സംഘാടക സമിതി യോഗം ചേരണം. ആവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.

പ്രാദേശിക ഭരണസമിതികളുടെ നേതൃത്വത്തിലുള്ള ചർച്ചയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത് തലത്തിലും പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തകർ, ജനപ്രതിനിധികൾ, പ്രാതിനിധ്യ സ്വഭാവത്തോടെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപെട്ട എല്ലാ ആളുകളെയും ഉൾപ്പെടുത്തി ജനകീയ ചർച്ച സംഘടിപ്പിക്കണം. മുൻസിപ്പൽ, കോർപ്പറേഷൻ തലത്തിൽ പ്രാദേശികതല ചർച്ച ഒന്നിലധികം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കണം.
ഗ്രാമപഞ്ചായത്ത് റിപ്പോർട്ടുകളെ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടക്കുന്ന വിപുലമായ വിദ്യാഭ്യാസ ചർച്ചകളിലൂടെ ക്രോഡീകരിക്കണം. പ്രാദേശിക വിദ്യാഭ്യാസ വിദഗ്ധർ, രാഷ്ട്രീയ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിന്റെ വൈവിധ്യം ഉൾക്കൊള്ളുന്ന പ്രാതിനിധ്യം ഈ ചർച്ചയിലും ഉറപ്പുവരുത്തണം .അതത് ബിആർസികളുടെ നേതൃത്വത്തിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ മേൽനോട്ടത്തിലുമാണ് ഈ ചർച്ചകൾ നടക്കേണ്ടത്.
Rate this item
(0 votes)
Author

Latest from Author