Print this page

സ്കൂള്‍ ലൈബ്രറികള്‍ ആധുനിക നിലവാരമുള്ളതാക്കും : മന്ത്രി വി. ശിവന്‍കുട്ടി

School libraries will be upgraded to modern standards: Minister V.S. Shivankutty School libraries will be upgraded to modern standards: Minister V.S. Shivankutty
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളുടെ നിലവാരം ആധുനിക നിലവാരത്തിൽ ഉള്ളതാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം തയാറാക്കി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളില്‍ 'എഴുത്തുപച്ച' എന്ന പേരില്‍ എത്തിക്കുന്ന പുസ്തകങ്ങളുടെ സംസ്ഥാനതല പ്രകാശനവും വിതരണോത്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ പുസ്തകവായനാശേഷി വര്‍ദ്ധിപ്പിക്കുക, അക്കാദമിക നിലവാരം ഉയര്‍ത്തുക, സര്‍ഗവാസനകള്‍ വികസിപ്പിക്കുക, സാഹിത്യാഭിരുചി വളര്‍ത്തുക തുടങ്ങിയവ ലക്ഷ്യമിടുന്ന നിരവധി പരിപാടികള്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
ആദ്യമായിട്ടാണ് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ സര്‍ഗ്ഗാത്മക രചനകളെ സംസ്ഥാനതലത്തില്‍ തെരെഞ്ഞെടുത്ത് അവ അച്ചടിച്ച് സംസ്ഥാനത്തെമ്പാടുമുള്ള സർക്കാർ സ്കൂൾ ലൈബ്രറികളില്‍ എത്തിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സമഗ്ര ശിക്ഷാ കേരളയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന 55 'എഴുത്തുപച്ച' പുസ്തകങ്ങളുടെ പ്രകാശനവും വിതരണവുമാണ് നടന്നത് . മലയാളം, ഹിന്ദി, തമിഴ്, കന്നട, അറബിക്, ഉറുദു, സംസ്കൃതം ഭാഷകളിലായി തയാറാക്കപ്പെടുന്ന പുസ്തകങ്ങളുടെ കവര്‍ പേജുകളിലെ ചിത്രങ്ങള്‍ വരച്ചിട്ടുള്ളതും കുട്ടികളാണ്. പുസ്തകങ്ങളിലെ 731 രചനകള്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 728 കുട്ടികളുടേതുമാണ്. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ: ജയപ്രകാശ്. ആര്‍.കെ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടര്‍ ഡോ: സുപ്രിയ. എ.ആര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത്, സ്കോള്‍ കേരള വൈസ് ചെയര്‍മാന്‍ ഡോ: പി. പ്രമോദ്, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി ഡെ.ഡയറക്ടര്‍ ടി.പി. അനില്‍കുമാര്‍, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എസ്.എസ്.കെ അഡീഷണല്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഷിബു. ആര്‍.എസ് നന്ദി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam