Print this page

ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കാൻ ശ്രമിക്കണം: മന്ത്രി കെ കൃഷ്ണൻ കുട്ടി

By January 24, 2023 1151 0
*സൗരോര്‍ജ്ജ പ്ലാന്റുകളുടെ ആദ്യഘട്ട ഉദ്ഘാടനം മന്ത്രി കൃഷ്ണൻ കുട്ടി നിർവഹിച്ചു


ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ്ജ  പദ്ധതി മണ്ഡലത്തിൽ വ്യാപിപ്പിക്കണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. അതിനായി ജനപ്രതിനിധികൾ മുൻ കൈയെടുക്കണം. സൗരോര്‍ജ്ജ പ്ലാന്റുകളുടെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഐ ബി സതീഷ് എം എൽ എ അധ്യക്ഷനായി.


കാട്ടാക്കടയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുതി പ്ലാന്റുകള്‍ ഒരുങ്ങുകയാണ്. ആദ്യഘട്ടത്തില്‍ 56 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.


മൂന്ന് കോടി രൂപ ചെലവഴിച്ച് 56 സ്ഥാപനങ്ങളിലായി 455 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ നിലയങ്ങളാണ് സ്ഥാപിക്കുന്നത്. ഈ സോളാര്‍ നിലയങ്ങളില്‍ നിന്നും പ്രതിവര്‍ഷം 6.4 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം ഒരു വര്‍ഷത്തില്‍ 510 ടണ്‍ വരെ കുറയ്ക്കുന്നതിനും സ്ഥാപനങ്ങളിലെ വൈദ്യുതി ചാര്‍ജ്ജ് കുറയ്ക്കുന്നതിനും ഇത് സഹായകരമാകും. കാട്ടാക്കട ബസ് ഡിപ്പോയിലാണ് ആദ്യ പ്ലാന്റ് സ്ഥാപിക്കുന്നത്. കെ.എസ്.ഇ.ബിയുടെ റീസ് വിഭാഗം വഴിയാണ് പദ്ധതി നടപ്പാക്കുക. മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും പൂര്‍ണമായും സൗരോര്‍ജത്തിലേക്ക് മാറ്റുവാനും പദ്ധതിയുണ്ട്.
Rate this item
(0 votes)
Author

Latest from Author