Print this page

ഐടി കയറ്റുമതിയില്‍ കോഴിക്കോടിന് വന്‍ കുതിപ്പ്

Kozhikode sees huge jump in IT exports Kozhikode sees huge jump in IT exports
കോഴിക്കോട്: മലബാര്‍ കേന്ദ്രീകരിച്ചുള്ള പ്രധാന സര്‍ക്കാര്‍, സ്വകാര്യ ഐടി പാര്‍ക്കുകളില്‍ നിന്നുള്ള വിവരസാങ്കേതിക വിദ്യാ കയറ്റുമതിയില്‍ കോവിഡ് കാലത്തും വന്‍ കുതിപ്പ്. കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ ഇരട്ടിയോളമാണ് വര്‍ധന ഉണ്ടായത്. 2019-20 വര്‍ഷം 14.76 കോടി രൂപയായിരുന്ന കയറ്റുമതി 2020-21 വര്‍ഷം 26.16 കോടി രൂപ ആയാണ് വര്‍ധിച്ചത്. നാലു കമ്പനികളുമായി 2014-15ല്‍ ആരംഭിച്ച പാര്‍ക്കില്‍ ഇപ്പോള്‍ 64 ഐടി, ഐടി അനുബന്ധ കമ്പനികളും ആയിരത്തോളം ജീവനക്കാരുമുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു വര്‍ഷത്തിലേറെയായി ഏറെ ജീവനക്കാരും നേരിട്ട് ഓഫീസില്‍ എത്താതെ വര്‍ക്ക് ഫ്രം ഹോം രീതിയിലാണ് ജോലി ചെയ്തിരുന്നതെങ്കിലും കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ ഇതു സാരമായി ബാധിച്ചിട്ടില്ലെന്ന് കയറ്റുമതി കണക്കുകള്‍ സൂചിപ്പിക്കുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ കമ്പനികള്‍ ജീവനക്കാരെ ഓഫീസില്‍ തിരിച്ചെത്തിച്ച് പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലേക്കു തന്നെ മാറ്റിത്തുടങ്ങിയിട്ടുണ്ട്.
'കയറ്റുമതി വളര്‍ച്ചയ്ക്കു പുറമെ സൈബര്‍ പാര്‍ക്കില്‍ മുപ്പതോളം പുതിയ കമ്പനികളും കോവിഡ് കാലയളവില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടത്തരം കമ്പനികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ 42,744 ചതുരശ്ര അടി ഓഫീസ് എല്ലാ സൗകര്യങ്ങളോടും കൂടി തുറന്നു. ശക്തമായി തിരിച്ചുവരുന്ന വിപണിക്കൊപ്പം ഐടി രംഗത്തും പുത്തനുണര്‍വ് ഉണ്ടാകുന്നത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കമ്പനികള്‍ക്കും നേട്ടമാകും. ആഗോള ടെക്‌നോളജി മേളയായ ദുബായ് ജൈടെക്‌സില്‍ ഇത്തവണ കേരളത്തില്‍ നിന്ന് പങ്കെടുത്ത കമ്പനികള്‍ ഏറിയ പങ്കും കോഴിക്കോട്ട് നിന്നുള്ളവരായിരുന്നു. ഇത് മലബാര്‍ കേന്ദ്രീകരിച്ചുള്ള കമ്പനികള്‍ക്ക് വലിയ അവസരങ്ങളാണ് തുറന്നു നല്‍കിയത്,' ഗവ. സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു.
പ്രധാനമായും ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുഎസിലേക്കുമാണ് കോഴിക്കോട് നിന്നുള്ള സോഫ്റ്റ്‌വെയര്‍ കയറ്റുമതി. കോഴിക്കോട്ടെ പ്രധാന ഐടി കമ്പനികളില്‍ മിക്കതിനും വിദേശ രാജ്യങ്ങളിലും ഓഫീസുകള്‍ ഉണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മറ്റൊരു പ്രധാന ഐടി പാര്‍ക്കായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌സ് സൊസൈറ്റിയുടെ കീഴിലുള്ള യുഎല്‍ സൈബര്‍പാര്‍ക്കിനും മികച്ച കയറ്റുമതി നേട്ടം കൈവരിക്കാനായി. 2020-21 സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി നേട്ടം 37.66 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 37 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ മാത്രം 21.33 കോടി രൂപയാണ് ഇവിടെ നിന്നുള്ള കയറ്റുമതി. രണ്ടാം പകുതിയോടെ ഇത് 40 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 84 കമ്പനികളും രണ്ടായിരത്തോളം ജീവനക്കാരും ഇവിടെയുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam