ക്രെഡിറ്റ് കാർഡുകൾക്കോ വായ്പയ്ക്കോ അപേക്ഷിക്കുമ്പോഴായിരിക്കും ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യം പലരും തിരിച്ചറിയുക. ക്രെഡിറ്റ് സ്കോർ ഉയരുന്നത് എടുത്ത വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ കൃത്യ സമയത്ത് നടത്തുമ്പോഴാണ്. ഒരു വ്യക്തിയുടെ മൊബൈൽ ബില്ലുകൾ പോലുള്ളവ കൃത്യ സമയത്ത് തിരിച്ചടയ്ക്കുന്നത് ക്രെഡിറ്റ് സ്കോർ ഉയർത്താൻ സഹായിക്കുമോ? മൊബൈൽ ബിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ എങ്ങനെ ബാധിക്കും? ഇവ രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇത്തരത്തിലുള്ള സംശയങ്ങൾ തീർക്കാം
മൊബൈൽ ബില്ലുകൾ അടയ്ക്കുന്നത് ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ ഉയർത്തുകയോ അത് ക്രെഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയോ ചെയ്യില്ല. മൊബൈൽ ബില്ലുകളുടെ കൃത്യസമയ അടവ് മൊത്തത്തിലുള്ള ക്രെഡിറ്റ് യോഗ്യതയെ ഉയർത്തുകയാല്ലാതെ ക്രെഡിറ്റ് സ്കോറിൽ യാതൊരു ചലവും ഉണ്ടാക്കില്ല. ക്രെഡിറ്റ് ഉപയോഗ അനുപാതത്തെയും ബാധിക്കില്ല .
രാജ്യത്തെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളായ എക്സ്പീരിയൻ, ഇക്വിഫാക്സ്, സിബിൽ എന്നിവയാണ ്ക്രെഡിറ്റ് സ്കോറുകൾ നിർണയിക്കുക. ക്രെഡിറ്റ് കാർഡ് ബില്ലുകൾ, ലോൺ ഇഎംഐകൾ, മറ്റ് വായ്പ ഇടപാടുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ക്രെഡിറ്റ് സ്കോർ നിർണയിക്കുന്നത്.
മൊബൈൽ ബില്ലുകൾ പോലുള്ള യൂട്ടിലിറ്റി ബില്ലുകളുടെ അടവുകൾ കൂടി കണക്കിലെടുത്ത് ക്രെഡിറ്റ് യോഗ്യത നിർണ്ണയിക്കുന്നതിനുള്ള ക്രെഡിറ്റ് സ്കോറിംഗ് മോഡലുകൾ പരിഗണനയിലുണ്ട്. സാധരണയായി സാമ്പത്തിക ഇടപാടുകൾ അധികം നടത്തിയിട്ടില്ലാത്ത, ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്ത വ്യക്തികൾക്ക് ക്രെഡിറ്റ് സ്കോറുകൾ നൽകുന്നതിനാണ് ഈ മോഡലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ ഈ മോഡലുകൾ ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കിയിട്ടില്ല
ക്രെഡിറ്റ് സ്കോർ എന്നത് 300 മുതൽ 900 വരെയുള്ള നമ്പർ ശ്രേണിയാണ്. കടം വാങ്ങുന്നയാളുടെ വായ്പാ പശ്ചാത്തലം, ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ തിരിച്ചടവ്ശേഷി തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിയുടെ സ്കോർ കണക്കാക്കുന്നത്.ക്രെഡിറ്റ് സ്കോർ 700 ന് മുകളിലാണെങ്കിൽ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. ഒരു ലോണിന് അപേക്ഷിക്കുമ്പോൾ, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു വ്യക്തിയുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിന് പ്രാഥമികമായി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാറുണ്ട്. ഒരു വ്യക്തി തന്റെ ലോൺ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, അത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും .