Print this page

കേരളത്തിലെ ആദ്യ എ.ഐ സമ്മിറ്റ് ടെക്നോപാര്‍ക്കില്‍; എച്ച്.ആര്‍, മാനേജ്‌മെന്റ് എന്നിവ പ്രധാന വിഷയങ്ങള്‍

തിരുവനന്തപുരം: എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യകള്‍ ലോകത്തെ മാറ്റിമറിക്കാന്‍ തുടങ്ങുമ്പോള്‍, പ്രവചനാതീതമായ ഭാവിയിലേക്ക് ഐ.ടി വ്യവസായത്തെ എങ്ങനെ തയ്യാറാകാമെന്ന് ചര്‍ച്ച ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ പ്രധാന പരിപാടികളില്‍ ഒന്നിന് ടെക്‌നോപാര്‍ക്ക് വേദിയാകും. ഫെബ്രുവരി 22ന് വൈകിട്ട് നാല് മുതല്‍ പാര്‍ക്ക് സെന്ററില്‍ നടക്കുന്ന ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ ടെക്‌നോളജി നോളജ് കമ്മ്യൂണിറ്റിയായ നാസ്‌കോം ഫയ: 80യുടെ നൂറാം പതിപ്പിലാണ് നൂതന ടെക്‌നോളജി വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത്. എച്ച്ആര്‍, മാനേജ്മെന്റ് രംഗങ്ങളിലെ എ.ഐയുടെ സാധ്യതകളാണ് ചര്‍ച്ച ചെയ്യുന്നത്.
''എ.ഐ നയിക്കുന്ന ഭാവി പ്രവചനാതീതമായിരിക്കും. പല ജോലികളും ഇല്ലാതാകും. പക്ഷേ, നിരവധി പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടും, അവയില്‍ ചിലത് നമ്മുടെ ഭാവനയ്ക്ക് അതീതമായിരിക്കും. വരാനിരിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാല്‍ റിക്രൂട്ട്മെന്റ്, മാനേജ്മെന്റ് കാഴ്ച്ചപ്പാടില്‍ നിന്ന് എങ്ങനെ സജ്ജമായിരിക്കാന്‍ കഴിയുമെന്ന് ആരും ചര്‍ച്ച ചെയ്യുന്നില്ല,''ടെക്നോപാര്‍ക്കില്‍ നിന്നുള്ള യുഎസ് കമ്പനിയായ ഫയ ഇന്നവേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ദീപു എസ് നാഥ് അഭിപ്രായപ്പെട്ടു.
എ.ഐ പ്രൊജക്ടുകള്‍ക്കായി റിക്രൂട്ട് ചെയ്യുമ്പോഴും മാനേജ്മെന്റ് സിസ്റ്റങ്ങളിലേക്ക് എ.ഐ സ്വീകരിക്കുമ്പോഴും കമ്പനികള്‍ക്ക് സ്വീകരിക്കാവുന്ന പുതിയ വഴികള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. ഇവോള്‍വ് ഇന്ത്യ 2023: പ്രിപ്പേറിങ്ങ് ഫോര്‍ ദി അണ്‍പ്രഡിക്റ്റബിള്‍ (എ.ഐ) എന്ന് പേരിട്ടിരിക്കുന്ന പരിപാടി എ.ഐ കാരണമുണ്ടായിരിക്കുന്ന ആശങ്കകള്‍ക്കിടയില്‍ ഐ.ടി വ്യവസായത്തിന് എങ്ങനെ അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും.
സി.എക്‌സ്.ഒ, എച്ച്.ആര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമായി സംഘടിപ്പിച്ചിരിക്കുന്ന എക്‌സ്‌ക്‌ളൂസീവ് എ.ഐ കോണ്‍ഫറന്‍സ് എ.ഐ ടൂളുകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചര്‍ച്ച ചെയ്യാന്‍ ഗ്രാബ് യുവര്‍ സൂപ്പര്‍ പവേഴ്‌സ്, കമ്പനികളുടെ പ്രവര്‍ത്തനത്തിലും റിക്രൂട്ട്‌മെന്റിലുമുള്ള സാധ്യതള്‍ ചര്‍ച്ച ചെയ്യാന്‍ റീഡിസൈന്‍ യുവര്‍ ടാലന്റ് ഫില്‍ട്ടേഴ്‌സ് ആന്‍ഡ് ടാലന്റ് ഹണ്ടിങ് ടു ടാലന്റ് ഫാമിങ്ങ് എന്നിങ്ങനെ ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന മൂന്ന് സെഷനുകളായിട്ടായിരിക്കും സെമിനാര്‍ നടക്കുക. സെഷനുകള്‍ക്ക് ശേഷം എ.ഐ സ്ട്രാറ്റജികളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും നടക്കും. ലൈവ് ലിങ്ക്: https://www.youtube.com/watch?v=Un9m87g-O-eaI.
നാസ്‌കോം ഫയ: 80
നാസ്‌കോമുമായി സഹകരിച്ച് ഫയ ആതിഥേയത്വം വഹിക്കുന്ന നാസ്‌കോം ഫയ:80, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ടെക് പ്രേമികള്‍ക്ക് പ്രതിമാസ കോണ്‍ഫറന്‍സാണ്. സൗജന്യ അറിവ് പങ്കിടല്‍ എന്ന ലക്ഷ്യത്തോടെ 2013-ല്‍ ആരംഭിച്ച നാസ്‌കോം ഫയ:80, സംരംഭകര്‍, ഡെവലപ്പര്‍മാര്‍, സാങ്കേതികവിദ്യാ പ്രേമികള്‍ എന്നിവര്‍ക്ക് സാങ്കേതികവിദ്യകള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു തുറന്ന വേദിയാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam