December 07, 2024

Login to your account

Username *
Password *
Remember Me

വീട്ടിലെത്തി വോട്ടിങ്ങ് കുറ്റമറ്റ രീതിയിൽ നടത്തണം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പോസ്റ്റൽ ബാലറ്റ് വോട്ടിങ് കുറ്റമറ്റ രീതിയിൽ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദേശിച്ചു. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കണ്ണൂർ പുതിയതെരുവ് മാഗ്നറ്റ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവിധ പരാതിക്കും ഇടയില്ലാത്ത വിധം ആവശ്യമായ ഒരുക്കങ്ങൾ നടത്തണം. പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച അർഹതപ്പെട്ട എല്ലാവരെയും വിവരം അറിയിക്കണം. വോട്ട് ചെയ്യിക്കാൻ ടീം വീട്ടിൽ എത്തുന്ന സമയം മുൻകൂട്ടി അവരെ അറിയിക്കണം. പോസ്റ്റൽ ബാലറ്റ് വോട്ടിങ് സംബന്ധിച്ച കണക്കുകളും കൃത്യമാണെന്ന് ഉറപ്പാക്കണം.


വോട്ട് ചെയ്യാനെത്തുന്ന വോട്ടർക്കു പോളിങ് ബൂത്തിൽ അവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ഇക്കാര്യം പരമാവധി ജനങ്ങളിൽ എത്തിക്കുകയും വേണം. പോളിങ് ദിവസം കടുത്ത ചൂട് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ എല്ലാ ബൂത്തുകളിലും വെയിൽ കൊള്ളാതെ വരി നിൽക്കാൻ കഴിയുന്ന സൗകര്യം ഒരുക്കണം. ആവശ്യമായ കുടിവെള്ളം, ഇരിക്കാനുള്ള കസേരകൾ തുടങ്ങിയവയും ഉറപ്പാക്കണം. ബൂത്തിൽ മുതിർന്ന പൗരമാർക്ക് പ്രത്യേക സൗകര്യം ഒരുക്കണം. പോളിങ്ങ് ബൂത്തുകളിലെ റാമ്പുകൾ ഉപയോഗപ്രദമാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം എആർഒമാർക്കും ഇആർഒമാർക്കും നിർദ്ദേശം നൽകി.


സക്ഷം മൊബൈൽ ആപ്പ് വഴി ആവശ്യപ്പെടുന്ന ഭിന്നശേഷിക്കാർക്ക് വാഹനം, വളണ്ടിയർ, വീൽ ചെയർ എന്നിവ നൽകാൻ സംവിധാനം ഒരുക്കുന്നുണ്ട്. ഇതും പരാതി രഹിതമായി നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ സൗകര്യം ലഭ്യമാണെന്ന കാര്യത്തിനും ആവശ്യമായ പ്രചാരണം നൽകണം. സക്ഷം മൊബൈൽ ആപ്പ് വഴി വരുന്ന അപേക്ഷകൾ പ്രത്യേക സംഘത്തെ നിയോഗിച്ചു മോണിറ്റർ ചെയ്യുകയും ആവശ്യമായ നടപടി എടുക്കുകയും വേണം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. പോളിങ് സമാധാനപരവും കുറ്റമറ്റതും ആയി നടത്താൻ ആവശ്യമായ എല്ലാ നടപടികളും കമ്മീഷൻ ചെയ്തു വരുന്നുണ്ട്. പരാതിരഹിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ എല്ലാവരും കൂട്ടായി പ്രവർത്തിക്കണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു.


യോഗത്തിൽ അഡീഷണൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വി ആർ പ്രേംകുമാർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ കൂടിയായ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കോഴിക്കോട് ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ സിംഗ്, കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ, വയനാട് ജില്ലാ കലക്ടർ ഡോ രേണു രാജ്, ഈ ജില്ലകളിൽ നിന്നുമുള്ള തിരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കണ്ണൂർ റേഞ്ച് ഡിഐജി നാല് ജില്ലകളിലെ പോലിസ് മേധാവികൾ, പരിശോധന വിഭാഗങ്ങളുടെ ചുമതലയുള്ള ഉദ്യാഗസ്ഥർ എന്നിവരുടെ യോഗവും ചേർന്നു. യോഗത്തിൽ തിരഞ്ഞെടുപ്പ് സമാധാനപരവും സുഗമവുമായി നടത്തിന്നതിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പോലീസ് മേധാവികൾക്ക് നൽകി. കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, ഡിഐജി യും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുമായ രാജ് പാൽ മീണ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ, കണ്ണൂർ റൂറൽ പോലീസ് മേധാവി എം ഹേമലത, കോഴിക്കോട് റൂറൽ പോലീസ് മേധാവി അരവിന്ദ് സുകുമാർ, കാസർകോഡ് ജില്ലാ പോലീസ് മേധാവി പി ബിജോയ്, വയനാട് ജില്ലാ പോലീസ് മേധാവി ടി നാരായണൻ എന്നിവർ സംസാരിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.