Print this page

കേരള നിയമസഭ സമ്മേളനം ഇന്ന് മുതൽ

By January 23, 2023 197 0
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് ആരംഭിച്ചു. പ്രധാനമായും 2023-24സാമ്പത്തിക വർഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ഇന്ന് മുതൽ മാർച്ച് 30 വരെയുള്ള കാലയളവിൽ ആകെ 33 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി25, ഫെബ്രുവരി 1, 2 തീയതികളിൽ ഗവർണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയും ഫെബ്രുവരി 3-ാം തീയതി ബജറ്റ് അവതരണവുമാണ് നിശ്ചയിച്ചിട്ടിട്ടുള്ളത്. ഫെബ്രുവരി 6മുതൽ 8 വരെയുള്ള തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. തുടർന്ന് ഫെബ്രുവരി 13 മുതൽ രണ്ടാഴ്ച വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകൾ സൂക്ഷ്മ പരിശോധന നടത്തും. ഫെബ്രുവരി 28 മുതൽ മാർച്ച് 22വരെയുള്ള കാലയളവിൽ 13ദിവസം, 2023-24 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച പാസ്സാക്കുന്നതിനായി നീക്കിവച്ചിരിക്കുന്നു.


ഗവണ്മെന്റ് കാര്യത്തിനായും അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായും 5 ദിവസങ്ങൾ വീതം നീക്കിവച്ചിട്ടുണ്ട്. 2022-23സാമ്പത്തികവർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2023-24സാമ്പത്തികവർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ട് ധനവിനിയോഗബില്ലുകൾ ഈ സമ്മേളനത്തിൽ പാസ്സാക്കേണ്ടതുണ്ട്. ഗവണ്മെന്റ് കാര്യങ്ങൾക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുന്നതാണ്. എല്ലാ നടപടികളും പൂർത്തീകരിച്ച് മാർച്ച്30 ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.
Rate this item
(0 votes)
Author

Latest from Author