Print this page

എം.ടി. വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്‌കാരം

By November 01, 2022 290 0
വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.


എം.ടി. വാസുദേവൻ നായർക്കാണു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.



വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്.


ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്കാരങ്ങൾ അനുവദിക്കണമെങ്കിൽ ആകെ പുരസ്കാരങ്ങളുടെ എണ്ണം ഒരു വർഷത്തിൽ പത്തിൽ അധികരിക്കാൻ പാടില്ലെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. കേരള പുരസ്കാരത്തിന്റെ ഭാഗമായി ക്യാഷ് അവാർഡുകൾ നൽകുന്നതല്ലെന്നും തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്. ആകെ പുരസ്കാരങ്ങളുടെ എണ്ണം പത്തിൽ അധികരിക്കാൻ പാടില്ല എന്ന നിബന്ധന അനുസരിച്ച് പത്ത് പുരസ്കാരങ്ങൾക്കാണ് സമിതി ശുപാർശ സമർപ്പിച്ചിരുന്നത്.
Rate this item
(0 votes)
Last modified on Friday, 04 November 2022 09:55
Author

Latest from Author