Print this page

വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ​ഗൊദാർദ്‌ അന്തരിച്ചു

By September 13, 2022 1053 0
പാരീസ്: ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകൻ ​ ഴാങ് ലൂക് ഗൊദാർദ് (91) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയ ഗൊദാർദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായിരുന്നു.

1930 ഡിസംബർ 3ന് പാരീസിലെ ഫ്രഞ്ച്-സ്വിസ് ദമ്പതികളുടെ മകനായാണ് ജനനം. പിതാവ് റെഡ്‌ക്രോസിൽ ഡോക്‌ടറായിരുന്നു. അമ്മ സ്വിസ് ബാങ്ക് ഉടമയും. 1950-ൽ പാരീസിലെ സോർബൺ യുണിവേഴ്‌സിറ്റിയിൽനിന്ന് നരവംശശാസ്‌ത്രത്തിൽ ഉന്നതബിരുദം നേടി. തിരക്കഥ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നത്. പരീക്ഷണാത്മകമായ ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളിലും സ്‌ത്രീലൈംഗികതയിലും കേന്ദ്രീകരിച്ചു.

ബ്രെത്ത്‌ലെസ് ആണ് ആദ്യ ചിത്രം. എ വുമൺ ഈസ് എ വുമൺ (1969) ആദ്യത്തെ വർണചിത്രം. അറുപതുകൾ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷരാഷ്‌ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ (1966) ഈ ഘട്ടത്തിലെ മുഖ്യസൃഷ്ടിയാണ്. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ഗൊദാർദിന്റെ ചലച്ചിത്രകല മറ്റൊരു തലത്തിലേക്കു മാറി. ആർട്ട് സിനിമ, ചലച്ചിത്ര സ്രഷ്ടാവ് എന്നീ സങ്കല്പങ്ങൾ തിരസ്‌ക‌‌‌രിച്ച ദ് സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന് രാഷ്‌ട്രീയത്തെയും പ്രത്യയശാസ്‌ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ചു.

ഗൊദാർദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തിൽ പ്രമുഖർ. ആ പരീക്ഷണത്തിന്റെ സൃഷ്‌ടിയായ വിൻഡ് ഫ്രം ദ ഈസ്‌റ്റ് (1969) തത്ത്വചിന്താപദ്ധതിയായ അപനിർമ്മാണത്തിന്റെ സ്വാധീനമുള്ള വെസ്‌റ്റേൺ ആണ്. എഴുപതുകളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ഘട്ടത്തിലെ ചിത്രങ്ങൾ ഗൊദാർദിന്റെ പ്രതിഭാക്ഷീണത്തെ കാണിക്കുന്നുവെന്ന് വിമർശകർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. കിങ്‌ലിയർ, ഹിസ്റ്ററി ഓഫ് സിനിമ എന്നിവയും ശ്രദ്ധേയം.
Rate this item
(0 votes)
Last modified on Tuesday, 13 September 2022 10:00
Author

Latest from Author