രാജ്‌കോട്ട്: ഹാർദിക് പാണ്ഡ്യയ്‌ക്കും പുതുനിരയ്‌ക്കും മികവ് കാട്ടാനുള്ള വേദി തയ്യാർ. ശ്രീലങ്കയുമായുള്ള മൂന്ന് മത്സര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ അവസാന കളി രാജ്‌കോട്ടിലാണ്. ഇന്ന് രാത്രി ഏഴിന്. ഇരുടീമുകളും ഒന്നുവീതം ജയിച്ചുനിൽക്കുകയാണ്. ഇന്ന് ജയംപിടിക്കുന്നവർക്ക് കിരീടമുയർത്താം. ഹാർദിക്കിനുകീഴിൽ യുവനിരയെ പരീക്ഷിച്ച ഇന്ത്യ പുണെയിൽ നടന്ന അവസാന മത്സരത്തിൽ 16 റണ്ണിനാണ് തോറ്റത്. ബൗളർമാരും മുൻനിര ബാറ്റർമാരും പതറി. സമ്മർദത്തെ അതിജീവിക്കാനുമായില്ല.
രാജ്യാന്തരവേദിയിൽ പരിചയം കൂടുതലുള്ള താരങ്ങളാണ് ശ്രീലങ്കൻ നിരയിൽ. ഇതായിരുന്നു കഴിഞ്ഞ കളിയിലെ വ്യത്യാസം. കൃത്യമായ സമയങ്ങളിലും ശരിയായ രീതിയിലും കളംനിറഞ്ഞു ദ്വീപുകാർ. എതിരാളിയെ നന്നായി സമ്മർദത്തിലാക്കി. ബാറ്റിങ്ങിനിറങ്ങി പദ്ധതികൾ വിജയകരമായി നടപ്പാക്കി.
പന്തെറിയാനെത്തിയപ്പോൾ തുടക്കത്തിലേ വിക്കറ്റുകൾ കൊയ്‌തു. അർഷ്‌ദീപ് സിങ്ങിന്റെ അഞ്ച് നോബോളും ഇന്ത്യയെ തളർത്തി. സൂര്യകുമാർ യാദവും അക്‌സർ പട്ടേലും തകർത്തടിച്ചപ്പോൾ പ്രതീക്ഷ കൈവിട്ടില്ല. സൂര്യ മടങ്ങിയതോടെ തീർന്നു. കളിയവസാനം കാസുൺ രജിതയുടെ 19–-ാം ഓവർ നിർണായകമായി. 12 പന്തിൽ 33 ആയിരുന്നു ഇന്ത്യക്ക് ജയിക്കാൻ. ആദ്യ രണ്ട് പന്തും വൈഡായിട്ടും കാസുൺ ഗംഭീരമായി ഓവർ പൂർത്തിയാക്കി. ആകെ വിട്ടുനൽകിയത് 12 റൺ. ലങ്കൻ ടീമിൽ മാറ്റങ്ങളുണ്ടാകില്ല. ഏഷ്യാ കപ്പ് നേടിയ ലങ്കയ്‌ക്ക് ലോകകപ്പിൽ തിരിച്ചടി നേരിട്ടിരുന്നു.