Print this page

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സീനിയർ വനിതാ ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇനി വനിതാ ടീമും. സീനിയര്‍ വനിതാ ടീമിന്റെ അവതരണം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ഫുട്‌ബോൾ അസോസിയേഷൻ (കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള വുമണ്‍സ് ലീഗിൽ പങ്കെടുക്കുന്ന ടീം, കിരീട നേട്ടത്തോടെ ഇന്ത്യന്‍ വനിതാ ലീഗിലേക്ക് (ഐഡബ്ല്യുഎല്‍) യോഗ്യത നേടാന്‍ ലക്ഷ്യമിട്ടായിരിക്കും കളിക്കുക. അടുത്ത 2-3 വര്‍ഷത്തിനകം, എഎഫ്‌സി തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും ക്ലബ്ബ് ലക്ഷ്യമിടുന്നു.

ദേശീയ ടീമിലേക്ക് പ്രാദേശിക താരങ്ങളെ വിഭാവനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കാഴ്ച്ചപ്പാട്. രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങൾക്ക് പുറമെ, പ്രാഗത്ഭ്യമുള്ള പ്രാദേശിക താരങ്ങളാണ് കൂടുതലായും ടീമിലിടം പിടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വനിതാ ഫുട്ബോളിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഒരു പ്രധാന നാഴികക്കല്ലായിരിക്കും ഇത്. വനിതാ ടീം അംഗങ്ങളുടെ പ്രഖ്യാപനവും ഉടന്‍ തന്നെ ക്ലബ്ബ് നടത്തും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ഫുട്‌ബോളിലേക്കുള്ള പ്രവേശനം എല്ലായ്പ്പോഴും ക്ലബ്ബിന്റെ സ്പഷ്ടമായ അഭിലാഷമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടറായി റിസ്വാനെ നേരത്തേ തന്നെ ക്ലബ്ബ് നിയമിച്ചിരുന്നു. മുന്‍ താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ എ.വി ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ ആദ്യ ഹെഡ് കോച്ച്. ദീര്‍ഘകാല കരാറിലാണ് അദ്ദേഹത്തിന്റെ നിയമനം.

ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം, കുറച്ച് കാലമായി ഈ പദ്ധതി പ്രവര്‍ത്തനത്തിലായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടര്‍ റിസ്വാൻ പറഞ്ഞു. നിലവില്‍ ഇന്ത്യൻ ദേശീയ ടീമിൽ കേരളത്തിന് പ്രാതിനിധ്യമില്ല, ഈ സാഹചര്യം തീര്‍ച്ചയായും മാറണം. അതിനായി പ്രവര്‍ത്തിക്കാനും, നമ്മുടെ താരങ്ങളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനും ഉള്ള വീക്ഷണം ഞങ്ങള്‍ക്കുണ്ട്. അതിലേക്കുള്ള കെബിഎഫ്‌സിയുടെ പങ്ക് വളരെ വലുതും ഒരു ക്ലബ് എന്ന നിലയിലുള്ള ഞങ്ങളുടെ സ്വാധീനം ഏറെ നിര്‍ണായകവുമായിരിക്കും-റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യങ് ബ്ലാസ്റ്റേഴ്‌സ്-സ്‌പോര്‍ട്ഹുഡ് പ്രോഗ്രാമില്‍ ഇതിനകം പെൺ പ്രാതിനിധ്യമുണ്ട്. അതിനെ ഓരോ പ്രായ വിഭാഗത്തിലുള്ള ഗ്രൂപ്പാക്കി മാറ്റി, അവര്‍ക്ക് ജില്ലാ, സംസ്ഥാന തല ടൂര്‍ണമെന്റുകളിൽ കെബിഎഫ്സിയെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കുക എന്നതും ക്ലബ്ബിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യുവ പ്രതിഭകള്‍ക്ക് സീനിയര്‍ ടീമിലേക്കും സ്ഥാനക്കയറ്റം നല്‍കും. ഓഗസ്റ്റില്‍ ആരംഭിക്കുന്ന കേരള വുമണ്‍സ് ലീഗിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം കലൂര്‍ ജവഹര്‍ലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരിക്കും പരിശീലിക്കുക. സംസ്ഥാനത്തെ വിവിധ വേദികളിലായാണ് ലീഗ് നിശ്ചയിച്ചിരിക്കുന്നത്.
Rate this item
(0 votes)
Author

Latest from Author

Related items