Print this page

സ്ട്രൈക്കര്‍ അപ്പോസ്‌തൊലോസ് ജിയാനു കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

Striker Apostolos Giannu at Kerala Blasters FC Striker Apostolos Giannu at Kerala Blasters FC
കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022/23 സീസണിനായി ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്ട്രൈക്കറായ അപ്പോസ്‌തൊലോസ് ജിയാനുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. താരവുമായുള്ള കരാര്‍ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്ന താരം 2023 സമ്മർ സീസൺ വരെ യെല്ലോ ജഴ്‌സി അണിയും.
ഗ്രീസിൽ ജനിച്ച് ജിയോനു, ചെറുപ്പത്തില്‍ തന്നെ ഓസ്‌ട്രേലിയയിലേക്ക് മാറി. ഓക്ലെയ് കാനന്‍സിലെ പ്രൊഫഷണല്‍ അരങ്ങേറ്റത്തിന് മുമ്പ് വിക്ടോറിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്ട്, സൗത്ത് മെല്‍ബണ്‍ എന്നിവയുടെ യൂത്ത് ടീമുകള്‍ക്ക് വേണ്ടി കളിച്ചു. പതിനാല് വര്‍ഷം മുമ്പ് ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമായ അപ്പോലോണ്‍ കലമാരിയസിലേക്കുള്ള ട്രാന്‍സ്ഫറിനെ തുടര്‍ന്ന് വിദേശത്തേക്ക് പോയി. കവാല, പിഎഒകെ, എത്‌നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.
2016ല്‍, റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് ചൈനീസ് ക്ലബ്ബായ ഗ്വാങ്‌ഷോ സിറ്റി എഫ്‌സിയില്‍ ചേര്‍ന്നു. ഏഷ്യയിലെ രണ്ട് ഫലവത്തായ സീസണുകള്‍ക്ക് ശേഷം സൈപ്രസ് ടീമായ എഇകെ ലാര്‍നാക്കയില്‍ എത്തിയ ജിയാനു, പിന്നീട് ഗ്രീസിലെ ഒഎഫ്‌ഐ ക്രീറ്റ് എഫ്‌സിയിലേക്ക് കളം മാറി. ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിടും മുമ്പ് എ ലീഗ് ടീമായ മക്കാര്‍ത്തര്‍ എഫ്‌സിയിലായിരുന്നു. ക്ലബ്ബിനായി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. എല്ലാ യൂത്ത് ടീം തലങ്ങളിലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ജിയാനു 12 മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ സീനിയര്‍ ദേശീയ ടീമിനായും ബൂ ട്ടുകെട്ടി. രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് സമ്പാദ്യം. ഗ്രീക്ക് ദേശീയ ടീമിനായും ഒരു മത്സരം കളിച്ചിട്ടുണ്ട്.
അപ്പോസ്‌തൊലോസ് അവസാനം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്, സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിങിനെ കുറിച്ച് സംസാരിക്കവേ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങളുടെ ലക്ഷ്യമായിരുന്നു അദ്ദേഹം. ഞങ്ങളുടെ കളിശൈലിക്ക് യോജിച്ച കഠിനാധ്വാനിയായ അറ്റാക്കറുമാണ്. ടീമിന് വേണ്ടി കളിക്കുന്ന താരമെന്ന നിലയിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. ജിയാനുവിന് കേരളത്തില്‍ ഏറ്റവും നല്ല കാലം ആശംസിക്കുന്നു!-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേരുന്നതില്‍ അത്യന്തം സന്തോഷമുണ്ടെന്ന് തന്റെ പുതിയ ക്ലബ്ബിനായി ഒപ്പുവച്ച ശേഷം അപ്പോസ്‌തൊലോസ് ജിയാനു പറഞ്ഞു. ക്ലബിനായി എന്റെ പരമാവധി ഞാന്‍ നല്‍കും-ജിയോനു പറഞ്ഞു.
കരാര്‍ ഒപ്പുവച്ചതോടെ, അപ്പോസ്‌തൊലോസ് ജിയാനു സമ്മര്‍ സീസണില്‍ കെബിഎഫ്‌സിയുടെ ആദ്യ വിദേശ സൈനിങായി മാറി. ജിയാനുവിന്റെ വരവ്, വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ നിരക്ക് കൂടുതല്‍ കരുത്ത് പകരും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam