Print this page

ഐഎന്‍എംആര്‍സി ഒന്നാം റൗണ്ട്: ഹോണ്ട റൈഡര്‍മാര്‍ക്ക് ഇരട്ട വിജയം

INMRC First Round: Double victory for Honda Riders INMRC First Round: Double victory for Honda Riders
കൊച്ചി: കോയമ്പത്തൂരിലെ കാരി മോട്ടോര്‍സ്പീഡ് വേയില്‍ സമാപിച്ച എംആര്‍എഫ് എംഎംഎസ്സി എംഎഫ്എസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (ഐഎന്‍എംആര്‍സി) ആദ്യ റൗണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനവുമായി ഹോണ്ടയുടെ യുവ റൈഡര്‍മാര്‍. ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് എന്‍എസ്എഫ്250ആര്‍ ഓപ്പണ്‍ ക്ലാസിലും, സിബിആര്‍150ആര്‍ നോവീസ് ക്ലാസിലും യഥാക്രമം സാര്‍ഥക് ചവാനും, റഹീഷ് ഖാത്രിയും ഇരട്ട വിജയങ്ങളോടെ ആദ്യറൗണ്ടില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ എന്‍എസ്എഫ്250ആര്‍ വിഭാഗത്തില്‍ രണ്ട് റേസുകളിലും ഹോണ്ട താരങ്ങള്‍ വിജയം ആവര്‍ത്തിച്ചു. സാര്‍ഥക് ചവാന്‍, ശ്യാം സുന്ദര്‍, എ.എസ് ജെയിംസ് എന്നിവരാണ് ഇരുറേസുകളിലും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത്. പൂനെയില്‍ നിന്നുള്ള താരമാണ് 16കാരനായ സാര്‍ഥക്. ടാലന്‍റ് കപ്പിന്‍റെ സിബിആര്‍150ആര്‍ നോവീസ് ക്ലാസ് വിഭാഗത്തിലാണ് മുംബൈയുടെ 14കാരനായ താരം റഹീഷ് ഖാത്രി ഇരട്ട വിജയം നേടിയത്. ഈ വിഭാഗത്തിന്‍റെ രണ്ടാം റേസില്‍ സിദ്ധേഷ് സാവന്ത്, ഹര്‍ഷിത് ബോഗാര്‍ എന്നിവര്‍ യഥാക്രമം രണ്ടും മുന്നു സ്ഥാനങ്ങളിലെത്തി.
ഉപഭോക്താക്കള്‍ക്ക് റേസിങ് അനുഭവം നല്‍കുന്നതിനായി കഴിഞ്ഞ വര്‍ഷം ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ അവതരിപ്പിച്ച ഹോണ്ട ഹോര്‍നെറ്റ് 2.0 വണ്‍ മേക്ക് റേസില്‍ രണ്ട് പോഡിയം ഫിനിഷുമായി ഉല്ലാസ് സാന്‍ട്രപ്റ്റ് ഒന്നാം സ്ഥാനത്തെ കുതിപ്പിന് വേഗം കൂട്ടി. ഞായറാഴ്ച നടന്ന രണ്ടാം റേസില്‍ ആല്‍വിന്‍ സേവ്യര്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റൊമാരിയോ ആണ് മൂന്നാമന്‍. പ്രോസ്റ്റോക്ക് 165സിസി വിഭാഗത്തില്‍ ഇഡിമിത്സു ഹോണ്ട എസ്കെ 69 റേസിങ് ടീമിന്‍റെ സെന്തില്‍ കുമാര്‍ ആറാം സ്ഥാനത്തെത്തി ടീമിന് എട്ട് പോയിന്‍റ് ഉറപ്പാക്കി.
തങ്ങളുടെ യുവറൈഡര്‍മാര്‍ കാരി മോട്ടോര്‍ സ്പീഡ്വേയുമായി വേഗത്തില്‍ പൊരുത്തപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു. മികച്ച റേസിങ് നടത്തി സാര്‍ഥക് ചവാനും റഹീഷ് ഖാത്രിയും തങ്ങളുടെ കഴിവുകള്‍ വീണ്ടും തെളിയിച്ച് വിജയത്തിലേക്ക് ഉയര്‍ന്നു. പ്രോസ്റ്റോക്ക്165സിസി ചാമ്പ്യന്‍ഷിപ്പിലെ തങ്ങളുടെ റൈഡര്‍മാര്‍ അടുത്ത റൗണ്ടില്‍ മികച്ച വിജയവുമായി തിരിച്ചുവരുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam